മുംബൈ: വധഭീഷണികൾക്കിടയിലും ബോളിവുഡ് താരം സൽമാൻ ഖാൻ ടിവി റിയാലിറ്റി ഷോ ആയ ബിഗ്‌ബോസ് സീസൺ 18ന്റെ സെറ്റിലെത്തി. ഇന്നലെ രാത്രിയോടെയാണ് താരം ബിഗ്‌ബോസിന്റെ സെറ്റിലെത്തിയത്. ശക്തമായ സുരക്ഷാവലയത്തിലാണ് താരം എത്തിയത്.
ഇന്ന് ഷെഡ്യൂൾ ചെയ്ത ഷൂട്ടിംഗിന് മുന്നോടിയായി സൽമാൻ ഇന്നലെ രാത്രിയോടെ തന്നെ സെറ്റിൽ എത്തുകയായിരുന്നു. ബിഗ് ബോസ് സെറ്റിന്റെ കോമ്പൗണ്ടിനുള്ളിലെ അദ്ദേഹത്തിനായി ഒരുക്കിയിരിക്കുന്ന വസതിയിലായിരുന്നു താമസം.
കനത്ത സുരക്ഷയിൽ, പ്രൊഡക്ഷനുമായും ചാനലുമായും ഏകോപിപ്പിച്ച് നേരത്തെ തീരുമാനിച്ചതുപോലെ തന്നെ ഷോയുടെ ചിത്രീകരണം തുടരുമെന്ന് അധികൃതർ അറിയിച്ചു. 60ലധികം സുരക്ഷാ ഉദ്യോഗസ്ഥർ താരത്തിന്റെ സുരക്ഷ ഉറപ്പാക്കാനായി സെറ്റിലുണ്ടാകും. കൃത്യമായ ആധാർകാർഡ് വെരിഫിക്കേഷൻ കൂടാതെ പുറത്തുനിന്നുള്ള ആർക്കും കോമ്പൗണ്ടിൽ പ്രവേശിക്കാൻ അനുവാദമുണ്ടായിരിക്കില്ല. ഈ വാരാന്ത്യത്തിൽ സംപ്രേഷണം ചെയ്യുന്ന രണ്ട് വീക്കെൻഡ് എപ്പിസോഡുകളുടെയും ചിത്രീകരണം പൂർത്തീകരിക്കുന്നതു വരെയും സെറ്റ് വിട്ട് പുറത്തേക്ക് പോവരുതെന്ന് 18 അംഗ ക്രൂവിന് നിർദേശം നൽകിയിട്ടുണ്ട്.
തുടരെയുള്ള വധഭീഷണികൾ ഉയരുന്നതിന്റെ പശ്ചാത്തലത്തിൽ നേരത്തെ തന്നെ സൽമാൻ ഖാന് വേണ്ടിയുള്ള സുരക്ഷ വർദ്ധിപ്പിച്ചിരുന്നു. താരത്തിന്റെ അടുത്ത സുഹൃത്തും മഹാരാഷ്ട്ര മുൻ മന്ത്രിയുമായ ബാബ സിദ്ദിഖിയുടെ കൊലപാതകത്തിന് ശേഷം, സൽമാന് െൈവ പ്ലസ് സുരക്ഷ നൽകിയിരുന്നു. ഇതിനിടെയാണ് വീണ്ടും താരത്തിന് നേരെ വധഭീഷണി ഉയർന്നിരിക്കുന്നത്. ലോറൻസ് ബിഷ്ണോയി സംഘത്തിലെ ഒരാളാണ് ഭീഷണി സന്ദേശം അയച്ചത്.
5 കോടി രൂപ സൽമാൻ ഖാൻ നൽകിയില്ലെങ്കിൽ അദ്ദേഹത്തിന്റെ ഗതി അടുത്തിടെ ബാബ സിദ്ദിഖിയുടേതിനേക്കാൾ മോശമാകുമെന്നായിരുന്നു സന്ദേശത്തിൽ പറഞ്ഞത്. ‘സൽമാൻ ഖാൻ ജീവിച്ചിരിക്കണമെങ്കിൽ ലോറൻസ് ബിഷ്ണോയിയുമായുള്ള ശത്രുത അവസാനിപ്പിക്കണം. ഇതിനായി 5 കോടി നൽകണം. ഇത് നിസ്സാരമായി കാണരുത്, അല്ലാത്തപക്ഷം സൽമാൻ ഖാന്റെ അവസ്ഥ ബാബാ സിദ്ദിഖിയെക്കാൾ മോശമാകും’- ഭീഷണിയിൽ പറയുന്നു.
Leave a Comment