ശ്രീനഗർ: ജമ്മു കശ്മീരിലെ ഗന്ദർബാൽ ജില്ലയിൽ നിർമ്മാണ സൈറ്റിൽ നടന്ന ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് പാകിസ്താൻ ആസ്ഥാനമായ ലഷ്കർ ഇ-ത്വയ്ബയുടെ ശാഖയായ റെസിഡൻസ് ഫ്രണ്ട്. ടിആർഎഫ് മേധാവി ഷെയ്ഖ് സജ്ജാദ് ഗുൽ ആണ് ആക്രമണത്തിന്റെ സൂത്രധാരനെന്നാണ് വിവരം. കഴിഞ്ഞ ഒന്നര വർഷമായി കശ്മീരി പണ്ഡിറ്റുകൾ, സിഖുകാർ, തദ്ദേശീയരല്ലാത്തവർ എന്നിവരെ ലക്ഷ്യമിട്ട് കശ്മീരിൽ ടിആർഎഫ് പ്രവർത്തിച്ചുവരുന്നുണ്ട്.
ഏഴ് പേരാണ് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്. കശ്മീരി ഡോക്ടറും ശ്രീനഗർ-ലേ ദേശീയ പാതയുടെ തുരങ്കത്തിൽ ജോലി ചെയ്യുന്ന കരാർ തൊഴിലാളികളും ജീവനക്കാരുമാണ് കൊല്ലപ്പെട്ടതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ജൂൺ 9 ന് റിയാസിയിൽ നടന്ന സംഭവത്തിന് ശേഷം ജമ്മു കശ്മീരിൽ സിവിലിയന്മാർക്ക് നേരെയുണ്ടായ ഏറ്റവും മാരകമായ ആക്രമണമാണ് ഇപ്പോൾ നടന്നിരിക്കുന്നത്. റിയാസിയിൽ നേരത്തെ ഭീകരരുടെ വെടിവെപ്പിൽ അവർ സഞ്ചരിച്ചിരുന്ന ബസ് താഴ്വരയിലേക്ക് മറിഞ്ഞ് ഒമ്പത് തീർത്ഥാടകർ കൊല്ലപ്പെട്ടിരിന്നു.
ഞായറാഴ്ചത്തെ ഇരകളിൽ ഒരു കശ്മീരി ഡോക്ടറും ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ ജോലി ചെയ്യുന്ന ആറുപേരും ഉൾപ്പെടുന്നു. അന്ന് വൈകുന്നേരം ക്യാമ്പിലേക്ക് മടങ്ങിയെത്തിയവരാണ് ഇവർ. ആറുപേരിൽ മൂന്ന് തൊഴിലാളികളും, ഒരു മാനേജറും, ഒരു മെക്കാനിക്കൽ എഞ്ചിനീയറും, ഒരു ഡിസൈനറും ആയിരുന്നു.
പോലീസ് പറയുന്നതനുസരിച്ച്, ഗന്ദർബാൽ ജില്ലയിലെ ഗുണ്ട് ഏരിയയിലെ ഗഗൻഗീറിൽ ആപ്കോ തൊഴിലാളികളെ പാർപ്പിച്ചിരുന്ന ക്യാമ്പിന് നേരെ തോക്കുധാരികളെന്ന് സംശയിക്കുന്ന രണ്ട് പേർ വെടിയുതിർക്കുകയായിരുന്നു.
Discussion about this post