ലക്‌നൗ: ലവ് ജിഹാദുമായി ബന്ധപ്പെട്ട് ഉത്തർപ്രദേശിലെ ബറൈലി ജില്ലാ കോടതി നടത്തിയ പരാമർശങ്ങൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് മലയാളി യുവാവ് നൽകിയ ഹർജി തള്ളി സുപ്രീംകോടതി. പരാമർശം വിധിന്യായത്തിൽ നിന്നും നീക്കണമെന്നും തകോടതി പമാർശങ്ങൾക്ക് മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കണമെന്നും ആവശ്യപ്പെട്ട് നൽകിയ ഹർജിയാണ് തള്ളിയത്. മലയാളിയായ അനസ് ആണ് ഹർജി നൽകിയിരുന്നത്. ഒരു ബലാത്സംഗ കേസ് പരിഗണിക്കവെയായിരുന്നു കോടതിയുടെ ലവ്ജിഹാദ് പരാമർശം. പ്രണയം നടിച്ച് ഹിന്ദു സ്ത്രീകളെ വിവാഹം ചെയ്ത് മതം മാറ്റുന്നതാണ് ‘ലവ് ജിഹാദ്’ എന്ന് കോടതി പരാമർശിച്ചിരുന്നു.
കേസിൽ കക്ഷിയല്ലാത്ത ആളാണെന്നും ഹർജി പരിഗണിക്കാനാവില്ലെന്നും ചൂണ്ടിക്കാട്ടിയ സുപ്രീംകോടതി വിഷയത്തെ സെൻസേഷണലൈസ് ചെയ്യരുതെന്ന് മുന്നറിയിപ്പ് നൽകി. ജസ്റ്റിസുമാരായ ഹൃഷികേശ് റോയ്, എസ് വിഎൻ ഭട്ടി എന്നിവർ ഉൾപ്പെട്ട ബെഞ്ചിന്റേതാണ് നടപടി.
2024 ഒക്ടോബറിൽ ഉത്തർപ്രദേശിലെ ബറേലിയിലെ ഫാസ്റ്റ് ട്രാക്ക് കോടതി ‘ലൗ ജിഹാദ്’ വിഷയത്തിൽ പരാമർശം നടത്തിയത്. ഒരു കോച്ചിംഗ് സെന്ററിൽ വച്ച് കണ്ടുമുട്ടിയ പ്രതി ആനന്ദ് കുമാർ എന്ന് സ്വയം പരിചയപ്പെടുത്തിയെന്നും അയാളെ വിവാഹം ചെയ്തു എന്നുമായിരുന്നു പരാതി. എന്നാൽ വിവാഹശേഷം അയാൾ ആലിം എന്ന് പേരുള്ള മുസ്ലീം വിഭാഗത്തിൽ നിന്നുള്ള ആളാണെന്ന് മനസ്സിലായി എന്നും യുവതി പരാതിയിൽ പറഞ്ഞിരുന്നു. പരാതിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ബലാത്സംഗം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി കോടതി പ്രതിയെ ജീവപര്യന്ത്യം ശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു. ലൗ ജിഹാദിന്റെ പ്രാഥമിക ലക്ഷ്യം ജനസംഖ്യാശാസ്ത്രത്തിൽ മാറ്റം വരുത്തുകയും ഒരു മത വിഭാഗത്തിലെ തീവ്ര വിഭാഗങ്ങൾ നയിക്കുന്ന അന്താരാഷ്ട്ര സംഘർഷങ്ങൾ ഇളക്കിവിടുകയുമാണ്. അമുസ്ലിം വിഭാഗത്തിൽ നിന്നുള്ള സ്ത്രീകളെ വഞ്ചനാപരമായ വിവാഹങ്ങളിലൂടെ ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്യുന്നതിനെയാണ് ഇത് സൂചിപ്പിക്കുന്നത്. ഇത് നിയമവിരുദ്ധമായ മതപരിവർത്തനമാണ്. ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുകയോ പിന്തുണയ്ക്കുകയോ ചെയ്യുന്ന ചില തീവ്രവാദികളാണ് ഇത് നടപ്പിലാക്കുന്നത്. ഈ പ്രവർത്തനങ്ങൾ മുഴുവൻ മതസമൂഹത്തിന്റെയും പങ്കാളിത്തമില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്. ‘ലവ് ജിഹാദ്’ പ്രക്രിയയിൽ കാര്യമായ സാമ്പത്തിക ഇടപാടുകൾ ഉൾപ്പെടുന്നു. ഈ കേസിൽ വിദേശ ധനസഹായം ഉൾപ്പെട്ടിരിക്കാൻ സാധ്യതയുണ്ടെന്നും വിധിയിൽ പരാമർശമുണ്ടായിരുന്നു.
Discussion about this post