കൊൽക്കത്ത: ബംഗാൾ ഉൾക്കടലിൽ ദാന ചുഴലിക്കാറ്റ് രൂപപ്പെടാൻ ഇനി മണിക്കൂറുകൾ ബാക്കി. കാറ്റ് വൻ നാശനഷ്ടം ഉണ്ടാക്കാൻ സാദ്ധ്യതയുള്ള പശ്ചാത്തലത്തിൽ പശ്ചിമ ബംഗാളിൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. മുൻകരുതൽ നടപടിയുടെ ഭാഗമായി ട്രെയിനുകൾ ഉൾപ്പെടെ റദ്ദാക്കിയിട്ടുണ്ട്.
ബംഗാളിലെ തീരമേഖലയോട് ചേർന്നുള്ള ഏഴ് ജില്ലകളിലാണ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചത്. ഈ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഉൾപ്പെടെ അവധിയാണ്. ഇന്ന് മുതൽ മൂന്ന് ദിവസത്തേയ്ക്കാണ് അവധി പ്രഖ്യാപിച്ചത്. ബംഗാളിലെ മിഡ്‌നാപൂർ, നോർത്ത്, സൗത്ത് 24 പർഗനാസ് എന്നിവടങ്ങളെയും കാറ്റ് ബാധിയ്ക്കും. ചുഴലിക്കാറ്റിന്റെ സ്വാധീനത്താൽ സംസ്ഥാനത്ത് അതിശക്തമായ മഴയാണ് ലഭിക്കുക. വെള്ളപ്പൊക്ക സാദ്ധ്യതയും ഉണ്ട്. അതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കുകയും അധികൃതരുടെ നിർദ്ദേശങ്ങൾ അനുസരിക്കുകയും ചെയ്യുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ 152 ട്രെയിനുകളാണ് റദ്ദാക്കിയിരിക്കുന്നത്.
അടിയന്തിര സാഹചര്യം പരിഗണിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ 85 സംഘങ്ങളെ രക്ഷാ പ്രവർത്തനത്തിനായി നിയോഗിച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ കൂടുതൽ സംഘങ്ങളെ അയക്കാനാണ് കേന്ദ്രസർക്കാരിന്റെ തീരുമാനം. ബംഗാളിന് പുറമേ ഒഡീഷയിലും അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ദാന അതിതീവ്ര ചുഴലിക്കാറ്റായി ഒഡീഷയിലെ പുരിയ്ക്കും ബംഗാളിലെ സാഗർ ദ്വീപിനും ഇടയിലൂടെ കരയിലേക്ക് പ്രവേശിക്കുമെന്നാണ് നിലവിലെ വിലയിരുത്തൽ.
Discussion about this post