ബാംഗ്ലൂര്‍ നഗരത്തില്‍ ട്രാഫിക്ക് കുരുക്കില്‍ നട്ടം തിരിയേണ്ടി വന്ന ദുരനുഭവം പങ്കുവെച്ച ബാംഗ്ലൂര്‍ ടെക്കിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. സോഫ്റ്റ്വെയര് എന്‍ജിനീയറായി ബാംഗ്ലൂരില്‍ ജോലി ചെയ്യുന്ന സുധീപ് പി നമ്പ്യാര്‍ എന്ന യുവാവാണ് എക്സില്‍ പോസ്റ്റ് പങ്കിട്ടത്. ജോലി കഴിഞ്ഞ് മഴയിലും ഗതാഗതക്കുരിക്കിലുംപ്പെട്ട് വീട്ടിലെത്താന്‍ നാലു മണിക്കൂര്‍ സമയം വേണ്ടിവന്നു എന്നാണ് യുവാവിന്റെ വെളിപ്പെടുത്തല്‍. വെറും 30 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാനാണ് ഇത്രയും സമയം എടുത്തത്.
‘ ഇന്നലെ, ഞാന്‍ വൈറ്റ്ഫീല്‍ഡിലെ ഓഫീസില്‍ നിന്ന് വൈകുന്നേരം 5.30 ന് പുറപ്പെട്ട ഞാന്‍ ഏകദേശം രാത്രി 9.30 ഓടെ ആണ് യെലഹങ്കയിലെ വീട്ടിലെത്തിയത് . മഴയിലും ട്രാഫിക്കിലും 30 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ എടുത്തത് ഏകദേശം നാല് മണിക്കൂര്‍ സമയമാണ്!’ സുധീപ് കുറിച്ചു. ഈയാഴ്ച മിക്ക ദിവസവും വീട്ടിലെത്താന്‍ മൂന്ന് മണിക്കൂറിലധികം സമയം വേണ്ടിവന്നുവെന്നും യുവാവ് പറഞ്ഞു.
”മിനിഞ്ഞാന്ന് 3.5 മണിക്കൂര്‍ സമയമെടുത്താണ് എത്തിയത് കഴിഞ്ഞ ആഴ്ച ഇത് 3 മണിക്കൂര്‍ 15 മിനിറ്റായിരുന്നു. ആറ് മാസം മുമ്പ് ഇത് 1 മണിക്കൂര്‍ 45 മിനിറ്റായിരുന്നു. എല്ലാ ദിവസവും റെക്കോര്‍ഡുകള്‍ തകര്‍ക്കപ്പെടുന്നു! ഇത് എപ്പോള്‍ അവസാനിക്കും?” സുധീപ് ചോദിച്ചു. ഇത്തരം അവസരങ്ങളില്‍ ഒട്ടുമിക്ക കമ്പനികളും തങ്ങളുടെ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം സൗകര്യം നല്‍കിയിട്ടുണ്ടെങ്കിലും സുദീപിന് ആഴ്ചയില്‍ അഞ്ചുദിവസം ഓഫീസില്‍ തന്നെ പോയി ജോലി ചെയ്യേണ്ടതുണ്ട്.
”എന്നോട് വീട്ടിലിരുന്ന് ജോലി ചെയ്തുകൂടെ എന്ന് ചോദിക്കുന്നവരോട് , ചിലര്‍ക്ക് ആഴ്ചയില്‍ 5 ദിവസവും ഓഫീസില്‍ പോകേണ്ടിവരും. യെലഹങ്കയിലെ സ്വന്തം കെട്ടിടത്തിലാണ് താന്‍ താമസിക്കുന്നത്. വാടകയ്ക്ക് താമസിക്കുന്നത് തന്റെ സാമ്പത്തിക സ്ഥിതിക്ക് അനുയോജ്യമായ തീരുമാനമാവില്ല” എന്നും സുദീപ് കൂട്ടിച്ചേര്‍ത്തു.
Discussion about this post