ലുസാക്ക: മദ്യപിച്ച് ബോധമില്ലാതെ പോലീസ് സ്‌റ്റേഷനിൽ ഡ്യുട്ടിക്കെത്തിയ കുറ്റവാളികളെ തുറന്ന് വിട്ട് പോലീസുകാരൻ. സ്റ്റേഷനിലെ വനിതാ സെല്ലിലും പുരുഷ സെല്ലിലും ഉണ്ടായിരുന്ന 13 കുറ്റവാളികളെയാണ് തുറന്നുവിട്ടത്. പുതുവർഷ തലേന്ന് ആണ് സംഭവം. പുതുവർഷം ആഘോഷിക്കാനെന്ന് പറഞ്ഞാണ് എല്ലാ കുറ്റവാളികളെയും ഇയാൾ തുറന്നുവിട്ടത്. ആഫ്രിക്കയിലെ സാംബിയയിലാണ് സംഭവം. ഡിറ്റക്ടീവ് ഇൻസ്‌പെക്ടർ ടൈറ്റസ് ഫിരി എന്ന ഉദ്യോഗസ്ഥനാണ് മദ്യലഹരിയിൽ ഇത്തരമൊരു കാര്യം ചെയ്തത്.
ആക്രമണം, കൊള്ള, മോഷണം തുടങ്ങിയ കേസുകളിൽ കസ്റ്റഡിയിലുണ്ടായിരുന്ന കുറ്റവാളികളെയാണ് സെല്ലിൽ നിന്നും തുറന്ന് വിട്ടത്. സാംബിയയിലെ തലസ്ഥാനമായ ലുസാക്കയിലെ ലിയനാർഡ് ചീലോ പോലീസ് സ്റ്റേഷനിലാണ് ഞെട്ടിക്കുന്ന സംഭവം.
പോലീസ് സ്‌റ്റേഷനിൽ നിന്നും പുതുവത്സരം ആഘോഷിക്കാനായി പോയ തടവുകാർ പിന്നീട് തിരിച്ചു വന്നില്ല. കുറ്റവാളികൾ രക്ഷപ്പെട്ടതോടെ, ഇവർക്കുള്ള തിരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ് പോലീസ്. കുടിച്ച് ലക്കുകെട്ട് സ്റ്റേഷനിലെത്തിയ ടൈറ്റസ് ഫിരി പാറാവ് ചുമതലയിലുള്ള പോലീസ് കോൺസ്റ്റബിൾമാരിൽ നിന്ന് ബലം പ്രയോഗിച്ച് താക്കോൽ വാങ്ങി പ്രതികളെ തുറന്നുവിടുകയായിരുന്നു. ‘പോയി പുതുവർഷം ആഘോഷിക്ക്’ എന്ന് പറഞ്ഞായിരുന്നു സെല്ല് തുറന്നത്.
15 പേരായിരുന്നു കസ്റ്റഡിയിൽ ഉണ്ടായിരുന്നത്. ഇതിൽ 13 പേർ സ്റ്റേഷനിൽ നിന്ന് രക്ഷപ്പെട്ടു. ബോധം വന്നതിന് പിന്നാലെയാണ് താൻ ചെയ്ത കാര്യം പോലീസ് ഉദ്യോഗസ്ഥൻ തിരിച്ചറിഞ്ഞത്. ഇതോടെ, ഇയാൾ ഒളിവിൽ പോയിരിക്കുകയാണ്.
Discussion about this post