ന്യൂഡൽഹി: രാജ്യങ്ങൾ അവരുടെ നിലവിലെ പാരിസ്ഥിതിക നയങ്ങൾ തുടരുകയാണെങ്കിൽ ഭൂമിയുട ചൂട് 3 ഡിഗ്രിയിലധികം വർദ്ധിക്കാൻ ഇടയാക്കുമെന്ന് ഐക്യരാഷ്ട സഭാ റിപ്പോർട്ട്. ആഗോളതാപനവും ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗവും ക്രമീകരിക്കാനുള്ള പാരീസ് ഉടമ്പടിയുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ രാജ്യങ്ങൾ കൂട്ടായി പരാജയപ്പെടുമെന്നത് ഏറെക്കുറെ ഉറപ്പാണെന്നും റിപ്പോർട്ട് പറയുന്നു.
ഫോസിൽ വാതകങ്ങൾ പുറന്തള്ളുന്നത് തടയുവാനായി രാജ്യങ്ങൾക്ക് നിലവിൽ തന്നെ വിവിധ കരാർ പ്രകാരം ലക്ഷ്യങ്ങളുണ്ട്. ഈ ലക്ഷ്യങ്ങൾ പ്രവർത്തികമാക്കിയാൽ തന്നെ ഫോസിൽ ഇന്ധനങ്ങൾ കൊണ്ടുള്ള മലിനീകരണം വെറും 10 ശതമാനം മാത്രമേ കുറയുകയുള്ളൂ.
നവംബർ 11 മുതൽ 22 വരെ അസർബൈജാനിൽ ബാക്കുവിൽ നടക്കാനിരിക്കുന്ന COP29 ന് മുന്നോടിയായി വ്യാഴാഴ്ച പുറത്തിറക്കിയ റിപ്പോർട്ട് രാജ്യങ്ങൾക്ക് കടുത്ത മുന്നറിയിപ്പാണ് നൽകുന്നത്. മൊത്തം ഹരിതഗൃഹ വാതകങ്ങൾ പുറന്തള്ളുന്നതിന്റെ വർദ്ധനവ് 2022 മുതൽ ശരാശരി 1.3% ആയി ഉയർന്നതായും റിപ്പോർട്ട് വെളിപ്പെടുത്തുന്നുണ്ട്.
ആഗോളതാപനം 1.5 ഡിഗ്രി സെൽഷ്യസിനു താഴെയായി നിലനിർത്താൻ, 2019 ലെ നിലവാരവുമായി താരതമ്യം ചെയ്യുമ്പോൾ 2030 ഓടെ ഹരിതഗൃഹ വാതകങ്ങൾ പുറന്തള്ളുന്നത് 42% കുറയണം. 2 ഡിഗ്രി സെൽഷ്യസിൽ എത്തണമെങ്കിൽ , 2030-ഓടെ 28% കുറയണം.
ഇതാണ് സാഹചര്യമെന്നിരിക്കെ, നിലവിലുള്ള സ്ഥിതിയിലാണ് മുന്നോട്ട് പോകുന്നതെങ്കിൽ, ചൂട് കുറയില്ല എന്ന് മാത്രമല്ല 3 ഡിഗ്രി വരെ കൂടുമെന്നാണ് ഐക്യരാഷ്ട്ര സഭ പറയുന്നത്
Discussion about this post