കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണം പ്രതേ്യഷക അന്വേഷണ സംഘം അന്വേഷിക്കും. കണ്ണൂർ ജില്ലാ പൊലീസ് മേധാവി അജിത്ത് കുമാറിന്റെ നേതൃത്വത്തിൽ ആറംഗ സംഘത്തിനാണ് കേസ് കൈമാറിയത്. കണ്ണൂർ റേഞ്ച് ഡിഐജിക്ക് ആണ് അന്വേഷണത്തിന്റെ മേൽനോട്ട ചുമതല.
കണ്ണൂർ ടൗൺ പോലീസ് ആണ് കേസ് അന്വേഷിച്ചിരുന്നത്. ജില്ലാ ഭരണകൂടത്തിലെ രണ്ടാമത്തെ ഉദ്യോഗസ്ഥനായിരുന്ന നവീൻ ബാബുവിന്റെ മരണത്തിൽ ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷയായ പിപി ദിവ്യയാണ് പ്രതിസ്ഥാനത്ത്. ഉന്നത സ്ഥാനീയരാണ് രണ്ട് പേരുമെന്ന കരണത്താലാണ് കേസ് ജില്ലാ പോലീസ് മേധാവിക്ക് കൈമാറിയത്. നിലവിൽ കേസന്വേഷിക്കുന്ന കണ്ണൂർ ടൗൺ പോലീസ് എസ്എച്ച്ഒമാരായ ശ്രീജിത്ത് കോടേരി, സനൽ കുമാർ, എസ്ഐമാരായ നവ്യ സജി, രേഷ്മ, സൈബർ സെൽ എഎസ്ഐ ശ്രീജിത്ത് എന്നിവരാണ് പുതിയ പ്രത്യേക അന്വേഷണ സംഘത്തിലെ മറ്റ് അംഗങ്ങൾ.
നവീൻ ബാബുവിന്റെ മരണത്തിൽ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയെങ്കിലും മുൻ കണ്ണൂർ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയെ അറസ്റ്റ് ചെയ്യാൻ പോലീസിന് ഇതുവരെയും കഴിഞ്ഞിട്ടില്ല. ഇന്നലെയാണ് പിപി ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി പരിഗണിച്ചത്. ഹർജിയിൽ ഈ മാസം 29ന് വിധി പറയും.
അതേസമയം ലാന്റ് റവന്യൂ ജോയിന്റ് കമ്മീഷണർ എ ഗീതയുടെ നേതൃത്വത്തിൽ റവന്യൂ വകുപ്പിന്റെ ആഭ്യന്തര അന്വേഷണവും പൂർത്തിയാക്കിയിരുന്നു. അന്വേഷണ റിപ്പോർട്ട് ഇന്നലെയാണ് സർക്കാരിന് സമർപ്പിച്ചത്.
Discussion about this post