ഡല്‍ഹി; ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന് പ്രസിഡന്റ് കനയ്യ കുമാറിന് ജാമ്യമില്ല. ജാമ്യം നല്കാന് സുപ്രീം കോടതി വിസമ്മതിച്ചു. ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു. ജാമ്യഹര്‍ജി നേരിട്ട് പരിഗണിയ്ക്കുന്നത് നല്ല കീഴ്വഴക്കമല്ലെന്നും കോടതി പറഞ്ഞു
എന്തുകൊണ്ടാണ് ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കാത്തതെന്ന് സുപ്രീംകോടതി കനയ്യയുടെ അഭിഭാഷകരോട് ചോദിച്ചു. കനയ്യ അവിടെ സുരക്ഷിതനല്ലെന്നായിരുന്നു അഭിഭാഷകരുടെ വാദം. എന്നാൽ എല്ലാ കോടതിയിലും സുരക്ഷ പ്രശ്നമുണ്ടെന്ന വാദം അംഗീകരിക്കാൻ ആകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ജസ്റ്റിസ് ജെ. ചേലമേശ്വര്‍, ജസ്റ്റിസ് അഭയ് മനോഹര്‍ സാപ്രെ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. മുതിര്‍ന്ന അഭിഭാഷകരായ രാജു രാമചന്ദ്രനും സോളി സൊറാബ്ജിയുമാണ് കനയ്യ കുമാറിന് വേണ്ടി ഹാജരായത്.
ഇന്നലെയാണ് കനയ്യ കുമാര്‍ സുപ്രീം കോടതിയില്‍ നേരിട്ട് ജാമ്യഹര്‍ജി സമര്‍പ്പിച്ചത്. ജീവന് സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി. സുരക്ഷാ പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ജാമ്യംതേടി കീഴ്കോടതിയെ സമീപിക്കാനാവുന്നില്ലെന്നും ജയിലില്‍ ആക്രമണത്തിന് സാധ്യതയുണ്ടെന്നും ജാമ്യാപേക്ഷയില്‍ പറയുന്നു.
അതിനിടെ കനയ്യകുമാറിന് മര്‍ദനമേറ്റതായി മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്ത് വന്നു. കഴിഞ്ഞ ദിവസം പട്യാല ഹൗസ് കോടതിയില്‍ ഹാജരാക്കുവാന്‍ എത്തിച്ചപ്പോഴാണ് ഒരു സംഘം അഭിഭാഷകര്‍ കനയ്യകുമാറിനെ മര്‍ദിച്ചത്. മര്‍ദനം ഏറ്റിട്ടുണ്ടോയെന്ന് പരിശോധിക്കാന്‍ നിയോഗിച്ച മെഡിക്കല്‍ സംഘമാണ് കനയ്യകുമാറിന്റെ ഇടതുകാലിലും മൂക്കിന് മുകള്‍ ഭാഗത്തും ക്ഷതമേറ്റതായി സ്ഥിരീകരിച്ചത്.
കനയ്യകുമാറിന് മര്‍ദനമേറ്റിട്ടില്ല എന്നായിരുന്നു ഡല്‍ഹി പൊലീസ് കമീഷണര്‍ ബി.എസ്. ബസ്സിയുടെ വാദം. ജെ.എന്‍.യുവില്‍ നടന്ന അഫ്സല് ഗുരു അനുസ്മരണ ചടങ്ങുമായി ബന്ധപ്പെട്ട് ഈ മാസം 12ന് അറസ്റ്റിലായ കനയ്യ കുമാര്‍ മാര്‍ച്ച് രണ്ടുവരെ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. ഡല്‍ഹി പട്യാല ഹൗസ് കോടതിയാണ് കനയ്യ കുമാറിനെ കസ്റ്റഡിയില്‍ വിട്ടത്.
Discussion about this post