ന്യൂഡൽഹി: തിരുപ്പതിയിലെ ഇസ്കോൺ ക്ഷേത്രത്തിന് നേരെ ബോംബ് ഭീഷണി. ഞായറാഴ്ചയാണ് ക്ഷേത്രത്തിന് നേരെ ഭീഷണി സന്ദേശമെത്തിയത്. ഐഎസ്ഐഎസ് ഭീകരർ ക്ഷേത്രം തകർക്കുമെന്ന് ആയിരുന്നു സന്ദേശത്തിലെ ഉള്ളടക്കം. ഇ മെയിലൂടെയാണ് സന്ദേശം ലഭിച്ചത്.
സംഭവത്തെ തുടർന്ന് ക്ഷേത്രം അധികൃതർ പോലീസിൽ പരാതി നൽകി. തിരുപ്പതി പോലീസും ബോംബ് സ്ക്വാഡും ഡോഗ് യൂണിറ്റും ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും സംശയാസ്പദമയി ഒന്നും തന്നെ കണ്ടെത്തിയിട്ടില്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ഭീഷണികൾക്ക് ഉത്തരവാദികളായവരെ ഉടൻ കണ്ടെത്തുമെന്നും സർക്കിൾ ഇൻസ്പെക്ടർ ശ്രീനിവാസുലു വ്യക്തമാക്കി.
കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ തിരുപ്പതിയിലേക്ക് ലഭിക്കുന്ന നാലാമത്തെ വ്യാജ ബോംബ് ഭീഷണിയാണിത്. ശനിയാഴ്ച രണ്ട് ഹോട്ടലുകൾക്ക് നേരെ ബോംബ് ഭീഷണി എത്തിയിരുന്നു. പിന്നീട് ഇതും വ്യാജ ഭീഷണിയാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. ഇതിന്മുമ്പ്, നഗരത്തിലെ മറ്റ് മൂന്ന് ഹോട്ടലുകൾക്ക് നേരെയും ബോംബ് ഭീഷണിയുണ്ടായി.
Discussion about this post