മുംബൈ: ബോളിവുഡ് താരം സൽമാൻ ഖാനെതിരെ വീണ്ടും വധഭീഷണി. മുംബൈ ട്രാഫിക് പോലീസിനാണ് സൽമാൻ ഖാനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള സന്ദേശമെത്തിയത്. രണ്ട് കോടി രൂപ നൽകിയില്ലെങ്കിൽ നടനെ വധിക്കുമെന്നായിരുന്നു ഭീഷണി. സംഭവത്തിൽ മുംബൈ വോർലി ജില്ലാ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സൽമാൻ ഖാനും കൊല്ലപ്പെട്ട ബാബ സിദ്ദിഖിയുടെ മകൻ സിഷാൻ സിദ്ദിഖിക്കും നേരെ വധ ഭീഷണി മുഴക്കിയ 20 കാരനെ കഴിഞ്ഞ ദിവസം മുംബൈ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നോയിഡയിലെ സെക്ടർ 39ൽ വച്ചാണ് ഗുർഫാൻ ഖാൻ എന്നറിയപ്പെടുന്ന മുഹമ്മദ് തയ്യബ്ബ് അറസ്റ്റിലായത്. പണം നൽകിയില്ലെങ്കിൽ വധിക്കുമെന്നായിരുന്നു രണ്ട് പേർക്കെതിരെയും പ്രതി ഭീഷണി മുഴക്കിയത്.
ഒക്‌ടോബർ 12ന് ദസറ ആഘോഷങ്ങൾക്കിടെ ബാബാ സിദ്ദിഖി വെടിയേറ്റ് കൊല്ലപ്പെട്ടത്. പിന്നാലെ, കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ലോറൻസ് ബിഷ്‌ണോയി സംഘം രംഗത്ത് വന്നിരുന്നു. സൽമാൻ ഖാനുമായുളള അടുത്ത ബന്ധമാണ് ബാബാ സിദ്ദിഖിയെ കൊല്ലപ്പെടുത്താൻ കാരണമെന്നായിരുന്നു ബിഷ്‌ണോയി സംഘം വ്യക്തമാക്കിയത്. കൊലപാതകവുമായി ബന്ധപ്പെട്ട് 15 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.








