കോട്ടയം : തിരഞ്ഞെടുപ്പിൽ വിജയിച്ച് എംഎൽഎ ആയിട്ടും തന്നെ ആരും സർക്കാർ പരിപാടികളിലേക്ക് ക്ഷണിക്കുന്നില്ല എന്ന് പരാതി ഉന്നയിക്കുകയാണ് പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ. ഇക്കാര്യത്തിൽ നിയമസഭാ സ്പീക്കർക്ക് പരാതി നൽകിയിട്ടും യാതൊരു ഫലവും ഉണ്ടാകാതെ ആയതോടെ ഒരു വ്യത്യസ്ത പ്രതിഷേധവുമായാണ് ചാണ്ടി ഉമ്മൻ രംഗത്തെത്തിയത്. തന്നെ ക്ഷണിക്കാത്ത ചടങ്ങിലേക്ക് വന്ന് സദസ്സിൽ ഇരുന്നുകൊണ്ടാണ് എംഎൽഎ പ്രതിഷേധിച്ചത്.
കഴിഞ്ഞദിവസം നടന്ന മണാർക്കാട് ഉപജില്ല കലോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങിലും ഭിന്നശേഷി കലോത്സവത്തിന്റെ സമാപന ചടങ്ങിലും എംഎൽഎ എന്ന നിലയിൽ തന്നെ ക്ഷണിക്കാത്തതിനുള്ള പ്രതിഷേധമാണ് ചാണ്ടി ഉമ്മൻ പ്രകടിപ്പിച്ചത്. പുതുപ്പള്ളി മണ്ഡലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത പരിപാടിയിൽ എംഎൽഎ ആയ തന്നെ ക്ഷണിക്കാത്തതിൽ ചാണ്ടി ഉമ്മൻ പരാതിപ്പെട്ടിരുന്നു.
പുതുപ്പള്ളി മണ്ഡലത്തിൽ നടക്കുന്ന ഭൂരിഭാഗം സർക്കാർ പരിപാടികളിലും തനിക്ക് ക്ഷണം ഉണ്ടാകാറില്ല എന്നാണ് ചാണ്ടി ഉമ്മൻ വ്യക്തമാക്കുന്നത്. എംഎൽഎ എന്ന നിലയിൽ അധ്യക്ഷസ്ഥാനത്ത് ഇരിക്കേണ്ട ചടങ്ങുകളിൽ പോലും അതിഥിയായാണ് തന്നെ ക്ഷണിക്കാറുള്ളത്. ഇത് തുടർക്കഥയായതോടെയാണ് ക്ഷണിക്കാത്ത ചടങ്ങിൽ പങ്കെടുത്ത് സദസ്സിൽ ഇരുന്നുകൊണ്ട് എംഎൽഎ പ്രതിഷേധിച്ചത്.
Discussion about this post