
തല ചൊറിഞ്ഞാല്‍ അത് അടക്കാന്‍ ഒത്തിരി വഴികളുണ്ട്. വിരല്‍ കൊണ്ട് ഒന്ന് ചൊറിയാം. വേണെങ്കില്‍ നല്ലൊരു പേന്‍ചീര്‍പ്പ് എടുത്ത് വിസ്തരിച്ച് ഒന്ന് ചീകിയാല്‍ ചൊറിച്ചിലും മാറും, അതിനു കാരണക്കാരായ പേനുകളെ ഒഴിവാക്കുകയും ചെയ്യാം. കൂടുതല്‍ ആവേശം ഉള്ളവര്‍ക്ക് തലചൊറിയാന്‍ പറ്റിയ സാധനമാണ് തീക്കൊള്ളി. ഒന്ന് ചൊറിഞ്ഞാല്‍ മതി, ചൊറിച്ചിലും പേനും എന്തിന്, മുടിയടക്കം പൊയ്ക്കോളും. പിന്നെ മേലില്‍ ഈ അസുഖം ഉണ്ടാകുകയില്ല..
ഡല്‍ഹിയില്‍ ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയിലേയ്ക്ക് കയറിപ്പോകുന്ന എല്ലാവരുടെയും കയ്യില്‍ ഓരോ മുട്ടന്‍ തീക്കൊള്ളികളാണ് കാണുന്നത്.. അഫ്സല് ഗുരുവിനെയും കസബിനെയും തൂക്കിക്കൊന്നതില്‍ തലയില്‍ ചൊറിച്ചില്‍ പേറുന്ന കുറെ പേര് അവിടെയുണ്ട്. അവര്‍ ഇക്കുറി ചൊറിയാന്‍ എടുത്തത് സാമാന്യം നല്ല ഒരു തീക്കൊള്ളിയാണ്. പ്രകടനത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ‘ഭാരത് ബര്ബാദ്’ എന്നൊക്കെ വിളിച്ചുകൂവിക്കളഞ്ഞു, ഒപ്പം പാക്കിസ്താന് നാല് സിന്ദാബാദും; അല്ല പിന്നെ..!! അമ്പലപ്പറമ്പില്‍ മുച്ചീട്ടുകളിക്കാരനെ പിടിക്കാന്‍ പോകുന്ന കൃത്യതയോടെയും സൂക്ഷ്മതയോടെയും പ്രശ്നത്തില്‍ ഇടപെട്ട ഡല്‍ഹി പോലീസിനു പ്രത്യേകിച്ച് തീക്കൊള്ളി ഒന്നും വേണ്ടി വന്നില്ല. പിണറായിയുടെ ആഹ്വാനം ഇവരാണ് ഉള്‍ക്കൊണ്ടത്. അവര്‍ തന്നെ ഒരു തീപ്പന്തമായി മാറി.. അഫ്സല് ഗുരുക്കളുടെ ശിഷ്യന്മാരുടെ തലചൊറിച്ചില്‍ ഷോ നടന്ന സ്ഥലത്ത് കഥയറിയാതെ ആട്ടം കാണാന്‍ പോയി നിന്ന ഒരു കുമാരന്റെ മേലാണ് പോലീസിന്റെ പിടി വീണത്. കന്ഹയ്യകുമാരനാണ് ഡല്‍ഹി യൂണിവേഴ്സിറ്റിയിലെ സകലമാന കുഴപ്പങ്ങള്‍ക്കും കാരണം എന്ന് വാറോല എഴുതി വച്ചു ഡല്ഹിപ്പോലീസ് അന്തസ്സായി തൊപ്പിയൂരി തീപ്പന്തം കൊണ്ട് തലയിലെ ചൊറിച്ചില്‍ മാറ്റി.
ജെ.എന്‍.യു വിഷയം ഖണ്ഡശ്ശ: പുനരാവര്ത്തിക്കുന്നതിനേക്കാള് വലിയ ഒരു തീക്കൊള്ളി വേറെയില്ല. എങ്കിലും പ്രധാന ചൊറിച്ചില്‍ ശമനം നടത്തിയ അഭിഭാഷകരാജ്യസ്നേഹികളുടെ സംഭാവന പരാമര്‍ശിക്കാതെ വിടാനും കഴിയില്ല്ല. രാജ്യസ്നേഹം മൂത്താല്‍ പിന്നെ രാജ്യം പോലും ഒരു വിഷയമല്ല എന്ന് നിയമലോകത്തിനും രാജ്യത്തിനും ഒരേപോലെ പ്രവര്‍ത്തിച്ച് തെളിയിച്ചു കൊടുത്ത ഈ സ്നേഹികളെ സത്യത്തില്‍ ഓരോ പദ്മശ്രീ കൊടുത്തുതന്നെ അനുമോദിക്കേണ്ടതായിരുന്നു.. കന്ഹയ്യകുമാരനെ പോലീസ് കയ്യാമം വച്ചു കോടതിയില്‍ ഹാജരാക്കുന്നു, വക്കീലന്മാര് തിരിച്ചും മറിച്ചും വാദിക്കുന്നു, ജഡ്ജി വിധി പറയുന്നു, പിന്നെ അതിന്റെ വഴിപോലെ ജയില്‍, അല്ലെങ്കില്‍ പെരുവഴി.. എത്ര ബുദ്ധിമുട്ടുള്ള ഏര്‍പ്പാടാണ്..?!! അതുകൊണ്ടായിരിക്കണം നിയമം പഠിച്ച് രാജ്യസ്നേഹം മൂത്ത സഹോദരന്മാര് കോടതി വളപ്പില്‍ത്തന്നെ വിചാരണയും വിസ്താരവും വിധി പ്രഖ്യാപനവും നടത്താം എന്ന് വിചാരിച്ചത്. ഇങ്ങനെയുള്ള കാര്യങ്ങളില്‍ ജുഡീഷ്യറി മാത്രം ഇടപെട്ടാല്‍ അതിന്റെ മഹത്വം കുറയും എന്ന് തോന്നിയത് കൊണ്ടാകാം ലെജിസ്ലേച്ചറിന്റെ പ്രതിനിധിയായി ഒരു ശര്‍മാജിയും പങ്കെടുത്തു. ആദ്യദിനത്തിലെ കലാപരിപാടികള്‍ കഴിഞ്ഞപ്പോള്‍ സുപ്രീം കോടതി ഇടപെട്ടു. തുടര്‍ന്നായിരുന്നു രണ്ടാം ദിവസത്തെ ആഘോഷപരിപാടികള്‍. ഇക്കുറി ബ്യൂറോക്രസിയുടെ പ്രതിനിധിയായി ദല്‍ഹി പോലീസ് കമ്മീഷണറും കലാപരിപാടികളില്‍ പങ്കെടുത്തു എന്നതാണ് സവിശേഷത.. സംഭവവികാസങ്ങളെക്കുറിച്ചു പഠിക്കാന്‍ സുപ്രീംകോടതി നിയോഗിച്ച ആറംഗസമിതിയെ ‘പാദുകാഭിഷേകം’ എന്ന പുരാണത്തിലെ സവിശേഷമായ ചടങ്ങോടെയാണ് രാജ്യസ്നേഹികള്‍ എതിരേറ്റത്. രാജ്യസ്നേഹം അതിന്റെ സകലചങ്ങലകളും പൊട്ടിച്ച് കോടതിവളപ്പിലും തെരുവിലും പാഞ്ഞു നടന്നപ്പോള്‍ സാധാരണക്കാരന് ഓടി പുരയ്ക്ക് അകത്തു കയറേണ്ട അവസ്ഥ വന്നു.. അഭിമാനപൂരിതമാകാന്‍ വേറെന്തു വേണം ഭാരതീയര്‍ക്ക്..?!
വൃത്തിചിന്ത ഒരു രോഗമായി വളര്‍ന്നു ജീവിതം തന്നെ ബുദ്ധിമുട്ടിലാക്കുന്ന ഒരു രോഗാവസ്ഥയെക്കുറിച്ച് മനശ്ശാസ്ത്രപഠനത്തില്‍ പറയുന്നുണ്ട്.. ഈ രോഗം ബാധിച്ചവര്‍ക്ക് ഒന്നിലും വൃത്തി പോരാ എന്ന തോന്നലായിരിക്കും. ഇതു കൂടിക്കൂടി ഒടുവില്‍ കഴിക്കാനുള്ള അരി സോപ്പിട്ടു കഴുകുക, കുളിച്ച് ഇറങ്ങിയ ഉടനെ വീണ്ടും കുളിക്കുക, ഒപ്പം ജീവിക്കുന്നവരെ വൃത്തിയുടെ പേരില്‍ ഉപദ്രവിക്കുക തുടങ്ങിയ മാനസികാവസ്ഥയിലേയ്ക്ക് എത്തും.. ലക്ഷണം കണ്ടിട്ട് രാജ്യസ്നേഹവും ഈ ശാഖയിലൂടെ പഠനവിധേയമാക്കാവുന്നതാണ് എന്ന് തോന്നുന്നു.
ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ രാജ്യവിരുദ്ധപ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ട് എങ്കില്‍ അത് ചെറുക്കപ്പെടേണ്ടതും കുറ്റവാളികള്‍ മാതൃകാപരമായി ശിക്ഷിക്കപ്പെടേണ്ടതുമാണ് എന്നതില്‍ തര്‍ക്കമില്ല. പക്ഷെ അതിനൊക്കെ അതിന്റേതായ രീതികളുണ്ട്. സ്വതന്ത്രജനാധിപത്യവ്യവസ്ഥയില് നീതിനിര്‍വഹണത്തിനുള്ള അധികാരം ആള്‍ക്കൂട്ടത്തിനല്ല എന്ന സത്യം ആദ്യം രാജ്യസ്നേഹരോഗികള് മനസ്സിലാക്കണം.. അതിനൊക്കെ ഇവിടെ വ്യവസ്ഥാപിതവും ഭരണഘടനാനുസൃതവുമായ വഴികളുണ്ട്. കുറ്റം നടന്നു എന്ന് മനസ്സിലായാല്‍ കുറ്റം ചെയ്തതാര് എന്ന് കൂടി ബോധ്യപ്പെട്ട ശേഷം അവനെ കണ്ടുപിടിച്ച് ശിക്ഷിക്കാനായിരിക്കണം സര്‍ക്കാര്‍ ശ്രമിക്കേണ്ടത്. അതിന് ഉപയോഗിക്കുന്ന മാര്‍ഗങ്ങളും നടപടിക്രമങ്ങളും നാലുപേര്‍ക്ക് കണ്ടാല്‍ ബോധ്യപ്പെടുന്നതായിരിക്കണം. അല്ലാതെ ആദ്യം കിട്ടിയവനെ പിടിച്ച് അവനാണ് കുറ്റം ചെയ്തത് എന്നതിന് തെളിവുകള്‍ ശേഖരിക്കാന്‍ ഇറങ്ങിപ്പുറപ്പെടുന്നത് നാട്ടുകാരുടെ മുന്പില് സ്വയം കോമാളിവേഷം കെട്ടിയാടാന്‍ മാത്രമേ സഹായിക്കൂ. മക്കള്‍ തമ്മില്‍ തല്ലുകൂടുമ്പോള്‍ ഒരു വടിയുമായി ചെന്ന് അതില്‍ സ്വന്തം ഒരുത്തനെ മാറ്റി നിറുത്തി മറ്റവനെ എടുത്തിട്ടു പുറംപൊളിക്കുന്ന രണ്ടാനച്ഛന്റെ വേഷം ഒരു സര്‍ക്കാരും കെട്ടരുത്.. ഇത്രയും സംഭവങ്ങള്‍ ഉണ്ടായിട്ടും ഒരക്ഷരം പോലും ഉരിയാടാതെ മൗനം പാലിക്കുന്ന സര്‍ക്കാര്‍ സ്തുത്യര്‍ഹമായ ഉദാഹരണമായി മാറിക്കഴിഞ്ഞു അക്രമത്തെ നേരിടാന്‍ പോലീസ് റൌഡി വേഷം കെട്ടേണ്ട കാര്യമില്ല.. രാജ്യസ്നേഹം ആരുടേയും കുത്തകയോ മറ്റൊരാള്‍ക്ക് മുന്പില് തെളിയിക്കപ്പെടെണ്ടതോ അല്ല. 2014 ല്‍ നടന്ന തെരഞ്ഞെടുപ്പു കാലാകാലത്തേയ്ക്കുള്ളതല്ല എന്ന സത്യം രാജ്യസ്നേഹികളും പരോക്ഷപിന്തുണക്കാരും ഇടയ്ക്കിടെ ഒന്ന് ഓര്‍ക്കുന്നത് നന്നായിരിക്കും. ഇന്നു തലചൊറിഞ്ഞ തീക്കൊള്ളി അന്നത്തേയ്ക്ക് ചിലപ്പോള്‍ ഇമ്മിണി വല്യ ഒരു തീപ്പന്തമായി മാറാനും സാധ്യതയുണ്ട്
Discussion about this post