ജയ്പൂർ : ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ രാജസ്ഥാനിലെ നാഗൗറിലെ മെർട്ട മേഖലയിൽ അടിയന്തര ലാൻഡിങ് നടത്തി. സാങ്കേതിക തകരാറിനെ തുടർന്നാണ് കോപ്റ്റർ അടിയന്തരമായി താഴെ ഇറക്കിയത്. ജോധ്പൂരിൽ നിന്ന് ജയ്പൂരിലേക്ക് പോവുകയായിരുന്ന വ്യോമസേനയുടെ ഹെലികോപ്റ്റർ ആണ് സാങ്കേതിക തകരാറിനെ തുടർന്ന് അടിയന്തര ലാൻഡിങ് നടത്തിയത്.
ജസ്നഗറിലെ കൃഷിയിടങ്ങളിലാണ് ഹെലികോപ്റ്റർ അടിയന്തരമായി ഇറക്കിയത്. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് പോലീസ് അറിയിച്ചു. രണ്ട് ഐഎഎഫ് ഹെലികോപ്റ്ററുകൾ ആയിരുന്നു ജോധ്പൂരിൽ നിന്ന് ജയ്പൂരിലേക്ക് പുറപ്പെട്ടിരുന്നത്. യാത്രയ്ക്കിടെ ഒരു ഹെലികോപ്റ്ററിലെ പൈലറ്റ് സാങ്കേതിക തകരാർ റിപ്പോർട്ട് ചെയ്യുകയും അടിയന്തര ലാൻഡിങ് നടത്തുകയും ആയിരുന്നു.
വ്യോമസേനയുടെ ഹെലികോപ്റ്റർ അടിയന്തര ലാൻഡിങ് നടത്തിയതോടെ സമീപപ്രദേശത്തുണ്ടായിരുന്ന നാട്ടുകാർ ഉടൻ തന്നെ സംഭവസ്ഥലത്തേക്ക് എത്തി.
വിംഗ് കമാൻഡർ പാൽ സിംഗ് ഉൾപ്പെടെ ഹെലികോപ്റ്ററിൽ ഉണ്ടായിരുന്ന എല്ലാ സൈനികരും സുരക്ഷിതരാണെന്ന് പ്രതിരോധ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥൻ അറിയിച്ചു. പ്രാദേശിക ഭരണകൂടം പൂർണ്ണ പിന്തുണ നൽകിയതായും നിലവിൽ സാങ്കേതിക തകരാർ പരിഹരിച്ചതായും പ്രതിരോധ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.
Discussion about this post