ന്യൂഡൽഹി: വാഹന ഉടമകൾക്ക് ആശ്വാസമേകാൻ ഇൻഷൂറൻസ് മേഖലയിൽ പരിഷ്കാരങ്ങൾക്കൊരുങ്ങി കേന്ദ്രസർക്കാർ. മേഖലയിലെ ഉയർന്ന കമ്മീഷൻ നിയന്ത്രിക്കാനാണ് കേന്ദ്രത്തിന്റെ ആലോചന. ഇത് നടപ്പിലാകുന്നതോടെ വാഹന ഇൻഷൂറൻസ് തുക കുറയും.
ഇൻഷൂറൻസ് റെഗുലേറ്ററി ആൻഡ് ഡവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യയാണ് നിർണായക നീക്കത്തിന് ഒരുങ്ങുന്നത്. നിലവിൽ സേവന ദാതാക്കൾക്ക് ഇൻഷൂറൻസ് കമ്പനികൾ വലിയ തുകയാണ് കമ്മീഷനായി നൽകുന്നത്. ഉയർന്ന പ്രീമിയം തുകയിൽ നിന്നാണ് ഈ കമ്മീഷൻ നൽകുന്നത്. കമ്മീഷൻ ഉയരുന്നത് പ്രീമിയം വർദ്ധിക്കാനും കാരണം ആകുന്നു. ഇതേ തുടർന്നാണ് കമ്മീഷൻ തുക കുറയ്ക്കാൻ ആർഡിഎഐ തീരുമാനിച്ചത്.
ഓൺ ഡാമേജ് പരിരക്ഷയ്ക്ക് 57 ശതമാനംവരെയാണ് കമ്മീഷനായി ഇൻഷൂറൻസ് കമ്പനികൾ നൽകുന്നത്. എന്നാൽ ഇത്രയും തുക ഇനി നൽകേണ്ടെന്നാണ് തീരുമാനം. ഓൺലൈൻ സംവിധാനം വഴിയാണ് ഇതിന് നിയന്ത്രണം ഏർപ്പെടുത്തുന്നത്.
ബീമ സുഗം എന്നാണ് പുതിയ ഓൺലൈൻ പോർട്ടലിന് പേര് നൽകിയിരിക്കുന്നത്. ഈ പോർട്ടൽ അടുത്ത വർഷം ഏപ്രിലിൽ നിലവിൽ വരും. ഈ പോർട്ടൽ നിലവിൽ വരുന്നതോടെ കമ്മീഷൻ ഏജന്റുമാർ ഇല്ലാതെ വാഹന ഉടമകൾക്ക് നേരിട്ട് പോളിസി എടുക്കാൻ വാഹന ഉടമകൾക്ക് കഴിയും. വാഹന ഡീലർമാരുടെ ഇടപെടലിനും ഇതോടെ നിയന്ത്രണം വരും.
Discussion about this post