ന്യൂഡൽഹി : രാജ്യത്തിനെതിരായ ഭീകര പ്രവർത്തനങ്ങൾ ചെറുക്കുന്നതിനായി ദേശീയ തീവ്രവാദ വിരുദ്ധ നയം കൊണ്ടുവരുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഭീകരവാദികളെയും ഭീകര, തീവ്രവാദ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്ന ആവാസവ്യവസ്ഥകളെയും ഇല്ലാതാക്കാനാണ് ഈ പുതിയ നയം കൊണ്ട് ലക്ഷ്യമിടുന്നത് എന്നും അമിത് ഷാ അറിയിച്ചു.
ക്രമസമാധാനം ഒരു സംസ്ഥാന വിഷയമാണെങ്കിലും സംസ്ഥാനങ്ങൾക്ക് ഭൂമിശാസ്ത്രപരമായ അതിരുകളും ഭരണഘടനാപരമായ പരിമിതികളും ഉള്ളപ്പോൾ സുരക്ഷാ ഏജൻസികളും കേന്ദ്രസർക്കാരുമായി ഒത്തൊരുമിച്ച് പ്രവർത്തിക്കേണ്ടി വരുമെന്നും അമിത് ഷാ വ്യക്തമാക്കി. ന്യൂഡൽഹിയിൽ നടന്ന തീവ്രവാദ വിരുദ്ധ സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുമ്പോഴായിരുന്നു ഭാവിയിൽ തീവ്രവാദ പ്രവർത്തനങ്ങളെ ചെറുക്കുന്നതിനായി കൂടുതൽ കാര്യക്ഷമമായ നയം കൊണ്ടു വരുമെന്ന് ആഭ്യന്തരമന്ത്രി അറിയിച്ചത്.
സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കുമായി മോഡൽ തീവ്രവാദ വിരുദ്ധ സ്ക്വാഡും (എടിഎസ്), മോഡൽ സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സും (എസ്‌ടിഎഫ്) രൂപീകരിക്കുന്നതും കേന്ദ്രസർക്കാർ ലക്ഷ്യത്തിലുണ്ട്. ഭീകരവിരുദ്ധ പ്രവർത്തനങ്ങളുടെ ഏകോപനം, ഇന്റലിജൻസ് വിവരങ്ങൾ പരസ്പരം പങ്കിടൽ എന്നിങ്ങനെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള സംയുക്തമായ പ്രവർത്തനങ്ങൾ കൊണ്ട് രാജ്യത്തുനിന്നും ഭീകരതയുടെ ഭീഷണിയെ ഒഴിവാക്കാൻ എല്ലാ ശ്രമവും നടത്തുമെന്നും അമിത് ഷാ അറിയിച്ചു.
Discussion about this post