പത്തനംതിട്ട: ഏഴ് വയസുള്ള ഇരട്ടകളായ പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ വയോധികനെ കഠിനതടവിന് ശിക്ഷിച്ച് കോടതി. പത്തനംതിട്ട സ്വദേശിയും 67 കാരനുമായ ശിവദാസനെ ആണ് കോടതി 55 വർഷം തടവിന് ശിക്ഷിച്ചത്. തടവിന് പുറമേ 3 ലക്ഷം രൂപ പിഴയും ഒടുക്കണമെന്ന് കോടതി ഉത്തരവിട്ടു. പിഴ അടച്ചില്ലെങ്കിൽ ഏഴ് വർഷം അധിക തടവും അനുഭവിക്കണമെന്നാണ് കോടതിയുടെ നിർദ്ദേശം.
പത്തനംതിട്ട ഫാസ്ട്രാക്ക് കോടതിയാണ് വിചാരണ വേഗത്തിൽ പൂർത്തിയാക്കി പ്രതിയ്ക്ക് ശിക്ഷ വിധിച്ചത്. കഴിഞ്ഞ വർഷം ആയിരുന്നു പ്രതി പെൺകുട്ടികളെ പീഡനത്തിന് ഇരയാക്കിയത്. വീട്ടിൽ ടി.വി കണ്ടിരിക്കുകയായിരുന്നു പെൺകുട്ടികൾ. ഈ സമയം വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. വീട്ടിലേക്ക് വെള്ളം ചോദിച്ചെത്തിയ പ്രതി ആരുമില്ലെന്ന് മനസിലാക്കിയതോടെ അതിക്രമിച്ച് കടക്കുകയായിരുന്നു.
കുട്ടികളുടെ പിതാവ് സമീപത്തുള്ള മറ്റൊരു വീട്ടുകാരുമായി സംസാരിച്ചു നിൽക്കുന്നത് പ്രതി കണ്ടിരുന്നു. ഈ തക്കത്തിനായിരുന്നു ശിവദാസൻ ഇവിടെ എത്തിയത്. തുടർന്ന് കുട്ടികളെ ഉപദ്രവിക്കുകയായിരുന്നു. പിതാവ് വീട്ടിൽ എത്തിയപ്പോൾ കർട്ടന് പിന്നിൽ ഭയന്ന് ഒളിച്ചിരിക്കുന്ന അവസ്ഥയിൽ കുട്ടികളെ കണ്ടെത്തുകയായിരുന്നു. തുടർന്ന് കാര്യം തിരക്കിയപ്പോളാണ് സഹോദരിമാർ ഇരുവരും സംഭവം വിശദീകരിച്ചത്.ഇതോടെ വീട്ടുകാർ ഇലവുംതിട്ട പൊലിസിൽ പരാതി നൽകുകയായിരുന്നു.
Discussion about this post