കോഴിക്കോട്: കതിരൂര്‍ മനോജ് വധക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെ ഇന്ന് തിരുവനന്തപുരം ശ്രീചിത്തിരാ മെഡിക്കല്‍ കോളേജിലേക്ക് മാറ്റും. കൂടുതല്‍ വൈദ്യപരിശോധനകള്‍ക്കായാണ് ജയരാജനെ തലസ്ഥാനത്തേക്ക് കൊണ്ട് പോകുന്നത്.
നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് ജയരാജന്‍. അതേസമയം, തിരുവനന്തപുരത്ത് ആറ്റുകാല്‍ പൊങ്കാല നടക്കുന്ന സാഹചര്യത്തില്‍ ജയരാജനെ ഏതുമാര്‍ഗത്തിലൂടെ എത്തിക്കുമെന്നതാണ് പൊലിസിനെ കുഴക്കുന്നത്. പൊങ്കാല നടക്കുമ്പോള്‍ തിരുവനന്തപുരം നഗരത്തിലുണ്ടാകുന്ന വന്‍തിരക്കിലൂടെ ജയരാജനെ ശ്രീചിത്തിരാ ആശുപത്രിയിലെത്തിക്കുന്നത് ബുദ്ധിമുട്ടാണ്. ഇക്കഴിഞ്ഞ 15നാണ് ജയരാജനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്.
അതേസമയം, പി. ജയരാജന്റെ കസ്റ്റഡി ആവശ്യപ്പെട്ട് സി.ബി.ഐ സമര്‍പ്പിച്ച അപേക്ഷ തലശ്ശേരി സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. നേരത്തെ അറസ്റ്റിലായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന ഒന്നാംപ്രതി വിക്രമനുള്‍പ്പെടെ 15 പേരുടെ ജാമ്യാപേക്ഷയും ചൊവ്വാഴ്ച പരിഗണിക്കും.
Discussion about this post