ധാക്ക : ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ കൈമാറാൻ ആവശ്യപ്പെടുമെന്ന് ബംഗ്ലാദേശ് മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസ്. ഇടക്കാല സർക്കാർ 100 ദിവസം പൂർത്തിയാക്കിയ സാഹചര്യത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു യൂനുസ് .
ഇന്ത്യയിൽ നിന്നും ഷെയ്ഖ് ഹസീനയെ കൊണ്ടുവരുവാൻ ഞങ്ങൾ ശ്രമിക്കും. താൻ അന്താരാഷ്ട്ര ക്രിമിനൽ കോടതി ഐസിസി ചീഫ് പ്രോസിക്യൂട്ടർ കരീം ഖാനുമായി വിഷയം ചർച്ച ചെയ്തിണ്ടുണ്ടെന്നും യൂനുസ് കൂട്ടിച്ചേർത്തു.
രാജ്യത്തെ ജനങ്ങൾക്ക് നീതി ഉറപ്പാക്കുമെന്നും, സ്വേച്ഛാധിപതിയായ ഷെയ്ഖ് ഹസീനയെ തിരിച്ചയക്കാൻ ഇന്ത്യയോട് ആവശ്യപ്പെടുമെന്നും മുഹമ്മദ് യൂനുസ് പറഞ്ഞതായി അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. രാജ്യത്തെ എല്ലാ പൗരൻമാർക്കും സുരക്ഷ ഉറപ്പുവരുത്താൻ സർക്കാർ എല്ലാ ശ്രമങ്ങളും നടത്തുകയാണെന്നും യൂനസ് വ്യക്തമാക്കി.
ആഗസ്റ്റ് അഞ്ചിനാണ് ഹസീന ഇന്ത്യയിലേക്ക് പലായനം ചെയ്തത്. ഹസീനയുടെ പതനത്തിന് മുമ്പ് നടന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിൽ പോലീസുകാരുൾപ്പടെ 1500ലധികം ആളുകൾ കൊല്ലപ്പെട്ടെന്നാണ് ഇടക്കാല സർക്കാരിന്റെ കണക്ക് . ഇന്ത്യയിൽ അഭയം തേടിയ ഹസീനയ്‌ക്കെതിരെ ബംഗ്ലാദേശിൽ 44 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട് എന്നാണ് വിവരം.
ഇന്ത്യയിലെത്തിയ ഹസീനയെ കുറിച്ച് ഒരു വിവരവും ഇല്ല. ഹസീന ഇപ്പോഴും ഇന്ത്യയിൽ തന്നെയുണ്ടെന്നാണ് ദി പ്രിന്റ് അടുത്തിടെ റിപ്പോർട്ട് ചെയ്തത് . രണ്ട് മാസത്തിലേറെയായി ന്യൂഡൽഹിയിലെ ലുതിയൻസ് ബംഗ്ലാവ് സോണിലാണ് ഷെയ്ഖ് ഹസീന കഴിയുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
Discussion about this post