ചെന്നൈ : സംഗീത കലാനിധി എം എസ് സുബ്ബുലക്ഷ്മി അവാർഡ് കർണാടക ഗായകനും ആക്ടിവിസ്റ്റുമായ ടി എം കൃഷ്ണയ്ക്ക് നൽകുന്നത് തടഞ്ഞ് മദ്രാസ് ഹൈക്കോടതി. മദ്രാസ് മ്യൂസിക് അക്കാദമി ടി എം കൃഷ്ണയ്ക്ക് എം എസ് സുബ്ബുലക്ഷ്മി അവാർഡ് നൽകാൻ തീരുമാനിച്ചിരുന്നത്. മദ്രാസ് മ്യൂസിക് അക്കാദമിയുടെ ഈ തീരുമാനത്തെ എതിർത്ത് സുബ്ബുലക്ഷ്മിയുടെ ചെറുമകൻ വി ശ്രീനിവാസൻ ആയിരുന്നു ഹൈക്കോടതിയെ സമീപിച്ചിരുന്നത്.
മ്യൂസിക് അക്കാദമിക്ക് വേണമെങ്കിൽ ടി എം കൃഷ്ണയ്ക്ക് അവാർഡ് നൽകാം, എന്നാൽ അത് എം എസ് സുബ്ബുലക്ഷ്മിയുടെ പേരിൽ വേണ്ട എന്നാണ് ഹൈക്കോടതി വ്യക്തമാക്കിയിട്ടുള്ളത്.
കൃഷ്ണയ്ക്ക് പ്രത്യേകമായി അവാർഡ് നൽകുന്നതിന് തടസ്സമില്ലെങ്കിലും അവാർഡിന് സുബ്ബുലക്ഷ്മിയുടെ പേരിടാൻ പാടില്ലെന്ന് ജസ്റ്റിസ് ജി ജയചന്ദ്രൻ വ്യക്തമാക്കി.
ഇതിഹാസ സംഗീതജ്ഞയായ എം എസ് സുബ്ബുലക്ഷ്മിയുടെ വിൽപത്രപ്രകാരം മരണശേഷം അവരുടെ പേരിൽ യാതൊരുവിധത്തിലും ഉള്ള ട്രസ്റ്റുകളോ ഫൗണ്ടേഷനുകളോ മെമ്മോറിയലുകളോ നടത്തരുത് എന്ന് നിർദ്ദേശിക്കുന്നുണ്ട്. ഇത് കൂടാതെ ടി എം കൃഷ്ണ സുബ്ബുലക്ഷ്മിക്കെതിരെ മുൻപ് പലപ്പോഴും സമൂഹമാദ്ധ്യമങ്ങളിലൂടെ നിന്ദ്യവും അപകീർത്തികരവുമായ ആക്രമണങ്ങൾ നടത്തിയിട്ടുള്ള വ്യക്തിയാണ് എന്നും ഹർജിക്കാരൻ ഹൈക്കോടതിയെ ബോധിപ്പിച്ചു. ഇക്കാര്യങ്ങളെല്ലാം കണക്കിലെടുത്താണ് മദ്രാസ് ഹൈക്കോടതി ടി എം കൃഷ്ണയ്ക്ക് എം എസ് സുബ്ബുലക്ഷ്മിയുടെ പേരിൽ അവാർഡ് നൽകരുത് എന്ന് ഉത്തരവിട്ടിട്ടുള്ളത്.
Discussion about this post