ന്യൂഡൽഹി : തുടർച്ചയായ മൂന്നാം ദിവസവും ഡൽഹിയിൽ വായു മലിനീകരണം അതിരൂക്ഷമായി തുടരുന്നു. വായു ഗുണനിലവാര സൂചികയിൽ 488 ആയാണ് മലിനീകരണ തോത് അടായാളപ്പെടുത്തുന്നത്. പലയിടങ്ങളിലും എക്യുഐ 500 കടന്നു. അകത്തേക്കു ശ്വസിക്കുന്ന വായു ഒരു ദിവസം 50 സിഗരറ്റ് വലിക്കുന്നതിനെക്കാൾ അപകടകരമായ അവസ്ഥയിലാണെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്.
ഇതേ തുടർന്ന് ശ്വാസതടസ്സം ഉൾപ്പെടെയുള്ള ലക്ഷണവുമായെത്തുന്ന രോഗികളുടെ ചികിത്സയ്ക്കായി പ്രത്യേക സംവിധാനമൊരുക്കണമെന്നു സർക്കാർ ആശുപത്രികൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. ഇതിന് പുറമേ സർക്കാർ വർക്ക് ഫ്രം ഹോം പ്രഖ്യാപിച്ചു. സർക്കാർ ഓഫിസുകളിലെ പകുതി ജീവനക്കാരും വീട്ടിലിരുന്ന് ജോലി ചെയ്യുമെന്ന് പരിസ്ഥിതി മന്ത്രി ഗോപാൽ റായ് പറഞ്ഞു. ഇതിനെ തുടർന്നുള്ള കൂടുതൽ വിവരങ്ങൾക്കായി ഉന്നത ഉദ്യോഗസ്ഥരുമായി സർക്കാർ ചർച്ച ചെയ്യും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൃത്രിമ മഴ പെയ്യിക്കാൻ അനുമതി തേടി ഡൽഹി പരിസ്ഥിതി മന്ത്രി ഗോപാൽ റായ് കേന്ദ്ര സർക്കാരിന് കത്തയച്ചിരുന്നു. പുകമഞ്ഞിൽ നിന്ന് മുക്തി നേടാനുള്ള ഏക പരിഹാരം കൃത്രിമ മഴയാണ്. മലിനീകരണം നിയന്ത്രിക്കാൻ കേന്ദ്രം നടപടി സ്വീകരിക്കണം. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടണമെന്നും ഡൽഹി സർക്കാർ വ്യക്തമാക്കിയിരുന്നു.
ഇതുവരെയുണ്ടായതിൽ വച്ച് ഏറ്റവും മലിനമായ അന്തരീക്ഷം ആണ് ഡൽഹിയിൽ നിലനിൽക്കുന്നത്. നഗരങ്ങൾ വിഷപ്പുക കൊണ്ട് നിറഞ്ഞിട്ടുണ്ട്. മുഖാവരണങ്ങൾ ധരിച്ചാണ് ആളുകൾ അത്യാവശ്യങ്ങൾക്കായി പുറത്തിറങ്ങുന്നത്. വായു മലിനീകരണത്തിന്റെ തോത് വർദ്ധിക്കുന്ന സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങൾ ഡൽഹിയിൽ ഏർപ്പെടുത്തിയിട്ടുണ്ട്. 10, പ്ലസ് 2 ഒഴികെയുള്ള എല്ലാ ക്ലാസുകളും ഓൺലൈൻ ആയി തുടരാൻ ആണ് സ്‌കൂളുകൾക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. ഈ മാസം 23 വരെ ക്ലാസുകൾ ഓൺലൈൻ ആയി തുടരും.
Discussion about this post