പലതരം ഇന്‍ഡോര്‍ സസ്യങ്ങള്‍ നമ്മള് വീടിനുള്ളില്‍ വളര്‍ത്താറുണ്ട്. മികച്ച വായു നല്‍കുന്നതും വില കൊണ്ട് കീശ കീറാത്തതും എന്നാല്‍ നല്ല ഭംഗിയുള്ളതുമായ ഒരു ഇന്‍ഡോര്‍ സസ്യത്തെക്കുറിച്ചറിയാം പാര്‍ലര്‍ പാം എന്നറിയപ്പെടുന്ന ഇവ മെക്സിക്കോയിലെ മഴക്കാടുകളിലാണ് ധാരാളമായി കാണപ്പെടുന്നത്. ഇത് പാര്‍ലര്‍ പന എന്നും അറിയപ്പെടുന്നു. ഈ ചെടി നേരിട്ടുള്ള സൂര്യപ്രകാശമെത്താത്ത സ്ഥലത്താണ് കൂടുതല്‍ നന്നായി വളരുന്നത്. പാര്‍ലര്‍ പാം വീടിനകത്തും വളര്‍ത്താവുന്നതാണ്. ഈ ചെടിക്ക് വായു ശുദ്ധീകരിക്കാനുള്ള കഴിവുണ്ട്.
നല്ല വെളിച്ചമായാലും മങ്ങിയ വെളിച്ചമായാലും പാര്‍ലര്‍ പന പതുക്കെ മാത്രമാണ് വളരുന്നത്. ഈ ചെടിക്ക് വളരാന്‍ നേരിട്ട് സൂര്യപ്രകാശം ആവശ്യമില്ല. വളരെ വര്‍ഷങ്ങള്‍ എടുത്താണ് ചെടി അതിന്റെ പരമാവധി വലുപ്പമായ മൂന്നോ നാലോ അടി ഉയരത്തിലെത്തുന്നത്. വെള്ളവും വളരെ കുറച്ചുമതി.
കുറേ ചെടികള്‍ ഒരു പാത്രത്തില്‍ നടാവുന്നതാണ്. ഇങ്ങനെ വളര്‍ത്തുമ്പോള്‍ ഓരോ ചെടിയും നേരെ കുത്തനെ വളരുകയും കൂടുതല്‍ ആകര്‍ഷകത്വം ലഭിക്കുകയും ചെയ്യും. ആദ്യത്തെ കുറച്ചുവര്‍ഷങ്ങളില്‍ ഓരോ വര്‍ഷം കൂടുമ്പോഴും വളര്‍ച്ചയ്ക്കനുസരിച്ച് പാത്രം മാറ്റിക്കൊടുക്കേണ്ടി വരും.
ഈ ചെടിയില്‍ കുലകളായുള്ള ചെറിയ വെളുത്ത പൂക്കളുണ്ടാകും. പൂക്കളുണ്ടായിക്കഴിഞ്ഞാല്‍ ചെറുതും ചുവപ്പ് കലര്‍ന്ന കറുപ്പ് നിറത്തോടുകൂടിയതുമായ കായകളുമുണ്ടാകും. വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുന്ന ഏറ്റവും വലിയ ശത്രുവെന്നത് അന്തരീക്ഷത്തില്‍ ഈര്‍പ്പം കുറയുന്നതാണ്.
വിത്തുകള്‍ മുളയ്ക്കാനുള്ള അനുയോജ്യമായ താപനില 29 ഡിഗ്രി സെല്‍ഷ്യസിനും 32 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലാണ്. വളരെ മാസങ്ങളെടുത്താണ് വിത്തുകള്‍ മുളയ്ക്കുന്നത്.
Discussion about this post