ഇംഫാൽ : മണിപ്പൂരിലെ പുതിയ സംഘർഷാവസ്ഥകൾ കണക്കിലെടുത്ത് അധിക സൈന്യത്തെ അയക്കാൻ കേന്ദ്രസർക്കാർ തീരുമാനമെടുത്തു. 90 അധിക സുരക്ഷാ സേനാ കമ്പനികളെ കേന്ദ്രം മണിപ്പൂരിലേക്ക് അയച്ചു. സംഘർഷഭരിതമായ സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കുന്നതിനും ക്രമസമാധാനം നിലനിർത്തുന്നതിനുമായി എല്ലാ നടപടികളും സ്വീകരിക്കുമെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി.
മണിപ്പൂരിലെ ക്രമസമാധാന നിലയിരുത്തുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നതിനുമായി കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ഇന്ന് പ്രത്യേക അവലോകനയോഗം നടന്നു. സിആർപിഎഫ്, ബിഎസ്എഫ് ഉൾപ്പെടെയുള്ള വിവിധ സുരക്ഷാസേനകളുടെ സംയുക്ത സംഘം യോഗത്തിൽ പങ്കെടുത്തു. മണിപ്പൂരിലെ എല്ലാ ജില്ലകളുടെയും ഇംഫാൽ നഗരത്തിൻ്റെയും സുരക്ഷ യോഗത്തിൽ അവലോകനം ചെയ്തു.
മണിപ്പൂരിലെ പുതിയ സംഘർഷത്തെ തുടർന്ന് മന്ത്രിമാരുടെയും പാർലമെൻ്റ് അംഗങ്ങളുടെയും സ്വത്ത് നശിപ്പിക്കുകയും കത്തിക്കുകയും ചെയ്തതിന് 32 പേരെ സുരക്ഷാ സേന അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരിൽ നിന്നും മൂവായിരത്തോളം ആയുധങ്ങളും കണ്ടെടുത്തു.
Discussion about this post