മുംബൈ: ‘ഗംഗുഭായ് കത്തിയവാടി’ എന്ന ചിത്രത്തിന് ശേഷം സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്യുന്ന ചിത്രമായ ‘ലവ് ആൻഡ് വാറിൽ ഷാരൂഖ് ഖാനും സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുമെന്ന് റിപ്പോർട്ട്. രൺബീർ കപൂർ, ആലിയ ഭട്ട്, വിക്കി കൗശൽ തുടങ്ങി വമ്പൻ താരനിര എത്തുന്ന ചിത്രത്തിൽ കഥാഗതി നിർണയിക്കുന്ന അതിഥിതാരമായാണ് ഷാരൂഖ് ഖാൻ എത്തുന്നത്. ചിത്രത്തിലെ രണ്ടാം പകുതിയിലാണ് ഷാരൂഖ് ഖാന്റെ കഥാപാത്രം എത്തുന്നതെന്നും രൺബീർ കപൂറിന്റെ കഥാപാത്രവുമായി തീവ്രവും നിർണായകവുമായ നിമിഷം പങ്കിടുന്ന ഷാരൂഖ് തന്റെ രംഗങ്ങൾ 2025 ജനുവരിയിൽ ചിത്രീകരിക്കാൻ തുടങ്ങുമെന്നും റിപ്പോർട്ടുകളുണ്ട്.
ചിത്രത്തിൽ ആലിയ ഒരു കാബറെ നർത്തകിയുടെ വേഷം ചെയ്യുന്നു, രൺബീർ കപൂറും വിക്കി കൗശലും ഇന്ത്യൻ സായുധ സേനയിലെ ഓഫീസർമാരെ അവതരിപ്പിക്കുന്നു. സ്നേഹം, ത്യാഗം, ദേശസ്നേഹം എന്നിവയുടെ തീമുകൾ ഇഴചേർത്താണ് സിനിമ മുന്നോട്ട പോകുന്നത്. തിയേറ്റർ റിലീസിന് മുൻപ് തന്നെ സംവിധായകനും നിർമ്മാതാവുമായ സഞ്ജയ് ലീല ബൻസാലി, നെറ്റ്ഫ്‌ലിക്‌സുമായി ഒരു വലിയ പോസ്റ്റ്-തിയറ്റർ കരാറും സരേഗമയുമായി ഒരു റെക്കോർഡ് മ്യൂസിക് ഡീലും ഒപ്പുവച്ചുവെന്നാണ് വിവരം. ഒപ്പം താരങ്ങളുമായി പ്രതിഫലത്തിന് പകരം ലാഭം പങ്കിടൽ കരാറിലാണ് എസ്എൽബി ഏർപ്പെട്ടിരിക്കുന്നത്.
ചിത്രം 2026 മാർച്ച് 20 ന് തിയേറ്ററുകളിൽ എത്തും. ബോളിവുഡ് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം 2026ൽ റംസാൻ, രാം നവമി തുടങ്ങിയ ഉത്സവങ്ങൾ ഉൾപ്പെടെയുള്ള ഒരു പ്രധാന അവധിക്കാലത്തോടനുബന്ധിച്ചാണ് റിലീസിംഗ് എന്നുള്ളത് ബോക്‌സ് ഓഫീസ് വിജയം മുന്നിൽ കണ്ടുകൊണ്ടാണ് എന്നാണ് ബോളിവുഡിലെ വിലയിരുത്തൽ.
Discussion about this post