വിചിത്രമായ ട്രെന്‍ഡുകള്‍ സോഷ്യല്‍മീഡിയയില്‍ പലപ്പോഴും വൈറലാകാറുണ്ട്. ഇപ്പോഴിതാ അത്തരത്തിലുള്ള ഒരു വാര്‍ത്തയാണ് ജപ്പാനില്‍ നിന്ന് വരുന്നത്. ചൂടുള്ള ഉരുകിയ പശ ഉപയോഗിച്ച് മുഖത്ത് വയ്ക്കുന്ന കണ്ണുനീര്‍ പോലുള്ള തുള്ളി രൂപങ്ങള്‍ സൃഷ്ടിക്കുന്നതാണ് ട്രെന്‍ഡ്. കൗമാരക്കാരായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്കിടയിലാണ് ഇത് വൈറലാകുന്നത്.
‘3D ടിയര്‍ഡ്രോപ്പ് മേക്കപ്പ്’ എന്നറിയപ്പെടുന്ന ഈ ശൈലി വളരെ പെട്ടെന്നാണ് ജാപ്പനീസ് കുട്ടികള്‍ക്കിടയില്‍ വ്യാപകമായത്. വിദഗ്ധരുടെ അഭിപ്രായത്തില്‍, ഇത്തരം വിചിത്രമായ പ്രവണതകള്‍ രാജ്യത്ത് സോഷ്യല്‍ മീഡിയയില്‍ പതിവായി പ്രത്യക്ഷപ്പെടുകയും ഏതാനും ആഴ്ചകള്‍ നീണ്ടുനില്‍ക്കുകയും ചെയ്യുന്നുണ്ട്. ഒരു പ്ലാസ്റ്റിക് ഷീറ്റ് പോലെയുള്ള മിനുസമാര്‍ന്ന പ്രതലത്തില്‍ പശ ഒഴിക്കുന്നു അത് പിന്നാലെ മുഖത്തൊട്ടിക്കുകയും ചെയ്യുന്നു.
വലിയ വിമര്‍ശനമാണ് ഈ പ്രവണതയ്‌ക്കെതിരെ ഇപ്പോള്‍ ഉയര്‍ന്നുവരുന്നത്. ചൂടുള്ള പശ ഒരു കാരണവശാലും നേരിട്ട് മുഖത്ത് വയ്ക്കരുതെന്ന് വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. നിങ്ങള്‍ക്ക് ഇത്തരം മേക്കപ്പ് ചെയ്യണമെന്ന് അത്ര നിര്‍ബന്ധമാണെങ്കില്‍ പശ ഒരു സ്റ്റെയിന്‍ലെസ്സ്-സ്റ്റീല്‍ ഉപരിതലമോ കടലാസ് പേപ്പറിലോ ആദ്യം ഒഴിക്കണമെന്നാണ് അവര്‍ പറയുന്നത്.
ഈ വര്‍ഷം സെപ്റ്റംബറില്‍, സൗന്ദര്യം വര്‍ധിപ്പിക്കാനെന്ന കാരണം പറഞ്ഞ് കൗമാരക്കാര്‍ ചെളിക്കട്ടകള്‍ തിന്നുന്ന വീഡിയോകള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.
Discussion about this post