തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വ്യാപക മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാ വിഭാഗം. എട്ടു ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് . തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ഇടുക്കി എറണാകുളം തൃശൂർ പാലക്കാട് മലപ്പുറം ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. ഈ ജില്ലകളിൽ പരക്കെ മഴക്കും ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയുണ്ട്.
അതേസമയം തെക്കൻ കേരള തീരത്ത് വെള്ളിയാഴ്ച വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനു മുകളിലെ ന്യൂനമർദ്ദം തെക്കൻ ബംഗാൾ ഉൾക്കടലിനു മുകളിൽ തീവ്രന്യൂനമർദ്ദമായി ശക്തി പ്രാപിച്ചതിനാൽ ആ ഭാഗങ്ങളിലേക്ക് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നാണ് അറിയിപ്പ്. തെക്കൻ കേരള തീരത്ത് മണിക്കൂറിൽ 35 – 45 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. ചില സമയത്ത് ഇത് 55 കിലോമീറ്റർ വരെ വേഗം കൂടാം.
Discussion about this post