കൊൽക്കത്ത : പശ്ചിമ ബംഗാളിൽ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം വ്യാപക ആക്രമണ പരമ്പരകളാണ് തൃണമൂൽ കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ അരങ്ങേറുന്നത്. ഏറ്റവും ഒടുവിലായി ഹൗറ ജില്ലയിലുള്ള ഷിബ്പൂർ ചേരി പ്രദേശങ്ങളിൽ ബോംബേറും വ്യാപകമായ അക്രമങ്ങളും റിപ്പോർട്ട് ചെയ്തു. ഹൗറയിലെ ജനവാസ കേന്ദ്രങ്ങളിലാണ് സ്ഫോടനങ്ങൾ ഉണ്ടായത്. സ്ഥിതിഗതികൾ നിയന്ത്രിക്കാനായി വൻ പോലീസ് സന്നാഹത്തെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.
അജ്ഞാതരായ അക്രമികൾ നാടൻ ബോംബുകൾ എറിഞ്ഞതായും ഇതിനെത്തുടർന്ന് പ്രദേശവാസികൾ പരിഭ്രാന്തരായി ചിതറിയോടിയതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അക്രമങ്ങളിൽ നിരവധി പേർക്ക് പരിക്കേറ്റതായും സൂചനയുണ്ട്. സംഘർഷസാധ്യത കണക്കിലെടുത്ത് റാപ്പിഡ് ആക്ഷൻ ഫോഴ്സിനെയും വലിയ തോതിലുള്ള പോലീസ് സേനയെയും സ്ഥലത്ത് വിന്യസിച്ചു. നേരത്തെ നോർത്ത് 24 പർഗാനയിലെ പാനിഹാത്തിയിൽ ബിജെപി പ്രവർത്തകർക്ക് നേരെ ബോംബേറ് ഉണ്ടാവുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കൂടാതെ സുവേന്ദു അധികാരിയുടെ അടുത്ത അനുയായി ചന്ദ്രനാഥ് റഥ് കൊല്ലപ്പെട്ടതും വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
അക്രമികളെ കണ്ടെത്താനായി സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പിനായി നിയോഗിച്ച കേന്ദ്ര സേനയുടെ സേവനവും ആവശ്യപ്പെട്ടിട്ടുണ്ട്.








