മലപ്പുറം: പതിനാലുകാരിയെ പീഡിപ്പിച്ച കേസിൽ രണ്ടാനച്ഛന് കടുത്ത ശിക്ഷ വിധിച്ച് പോക്‌സോ കോടതി. 141 വർഷം തടവും ഏഴുലക്ഷത്തി എൺപത്തിഅയ്യായിരം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. തമിഴ്നാട് സ്വദേശിയെ മഞ്ചേരി പോക്സോ കോടതിയാണ് ശിക്ഷിച്ചത്. 12 വയസ് മുതൽ കുട്ടി ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായിരുന്നു.
മലപ്പുറത്തെ പല വാടക കോർട്ടേഴ്സുകളിലായിട്ടായിരുന്നു തമിഴ്നാട് സ്വദേശികളായ ഇവർ താമസിച്ചിരുന്നത്. അമ്മ വീട്ടു ജോലിക്ക് പോയതിന് ശേഷമാണ് പ്രതി കുട്ടിയെ നിരന്തരമായി ഉപദ്രവിച്ചു കൊണ്ടിരുന്നത് പീഡന വിവരം പുറത്ത് പറയരുതെന്ന് കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ ഒരിക്കൽ കൂട്ടുകാരിയോടൊപ്പം കളിച്ചു കൊണ്ടിരുന്ന കുട്ടിയെ പ്രതി ബലം പ്രയോഗിച്ച് വിളിച്ചു കൊണ്ടുപോയി പീഡിപ്പിച്ചു. ഇതേ തുടർന്ന് കൂട്ടുകാരിയുടെ നിർദ്ദേശ പ്രകാരമാണ് അമ്മയോട് പറഞ്ഞതും കേസ് കൊടുത്തതും.
കേസിൽ 12 സാക്ഷികളെയും 24 രേഖകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. സംഭവത്തിനുശേഷം കുട്ടിയെ നിർഭയ ഹോമിലേക്ക് മാറ്റിയിരുന്നു. 2022ൽ ഇവിടെ നിന്നും അമ്മയുടെ സംരക്ഷണയിൽ വിട്ടെങ്കിലും പ്രതി വീണ്ടും ലൈംഗികമായി ഉപദ്രവിച്ചതിനെ തുടർന്ന് മറ്റൊരു കേസ് കൂടെ നിലവിലുണ്ട്.








