വാരാണസി: ഉത്തർപ്രദേശിലെ വാരാണസിയിലെ 115 വർഷം പഴക്കമുള്ള ഉദയ് പ്രതാപ് (യുപി) കോളേജിൻ്റെ ഉടമസ്ഥാവകാശം അവകാശപ്പെട്ട് ലക്‌നൗ വഖഫ് ബോർഡ്. കോളേജിൻ്റെ സ്വത്ത് സുന്നി ബോർഡുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്നാണ് വഖഫ് ബോർഡ് അയച്ച നോട്ടീസിൽ വ്യക്തമാക്കുന്നത്. 2018-ലാണ് അവകാശ വാദം ആദ്യമായി ഉന്നയിക്കപ്പെട്ടത്. എന്നാൽ വഖഫ് ഭേദഗതി ബില്ലിനെക്കുറിച്ചുള്ള ചർച്ചകൾക്കിടയിലാണ് ഇത് വീണ്ടും ഉയർന്നു വന്നത്.
100 ഏക്കറിലധികം വ്യാപിച്ചുകിടക്കുന്ന “കോളേജ് ഭൂമി” കാമ്പസിനുള്ളിൽ നിലനിൽക്കുന്ന ചരിത്രപരമായ പള്ളിയുമായി ബന്ധപ്പെട്ട വഖഫ് സ്വത്താണെന്നാണ് ഉത്തർപ്രദേശ് സുന്നി സെൻട്രൽ വഖഫ് ബോർഡിന്റെ വാദം.
എന്നാൽ വഖഫ് ബോർഡിൻ്റെ അവകാശവാദങ്ങൾ പൂർണ്ണമായും നിഷേധിച്ചു കൊണ്ട് കോളേജ് അഡ്മിനിസ്ട്രേഷൻ രംഗത്ത് വന്നിട്ടുണ്ട്. കോളേജുമായി ബന്ധപ്പെട്ട സ്വത്തുക്കൾ ഒരു ചാരിറ്റബിൾ എൻഡോവ്മെൻ്റിൻ്റെതാണെന്നും അത് കൈമാറ്റം ചെയ്യാനോ വിൽക്കാനോ കഴിയില്ലെന്നും അധികൃതർ വ്യക്തമാക്കി.
എന്നാൽ ഈ പ്രശ്നങ്ങൾ ഒക്കെ നടക്കുന്നതിനിടെ കോളജ് പരിസരത്ത് രഹസ്യമായി ഒരു പള്ളി പണിയാനുള്ള ശ്രമം വഖഫ് ബോർഡ് നടത്തിയതായും ആരോപണമുണ്ട്.
2022ൽ കോളേജ് വളപ്പിലെ ചോട്ടി മസ്ജിദിൽ നിർമാണ പ്രവർത്തനങ്ങൾ നടത്താൻ വഖഫ് ബോർഡ് ശ്രമിച്ചിരുന്നു. എന്നാൽ, കോളേജ് അധികൃതർ പരാതി നൽകിയതിനെ തുടർന്ന് ലോക്കൽ പോലീസ് ഇടപെട്ട് ഇത് നിർത്തി വെക്കുകയായിരുന്നു.
1909-ൽ രാജർഷി ഉദയ് പ്രതാപ് സിംഗ് ജു ദേവ് സ്ഥാപിച്ച ഉദയ് പ്രതാപ് കോളേജ് വിശുദ്ധ നഗരമായ വാരണാസിയിലെ ഏറ്റവും പഴയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നാണ്.
രാജാ ഉദയ് പ്രതാപ് സിംഗ് ജൂദേവ് 1909-ൽ വാരണാസിയിൽ ‘ഹെവെറ്റ് ക്ഷത്രിയ ഹൈസ്കൂൾ’ സ്ഥാപിച്ചു, അത് പിന്നീട് ഉദയ് പ്രതാപ് സിംഗ് ഓട്ടോണമസ് കോളേജായി വികസിക്കുകയായിരിന്നു.
1909-ൽ തന്നെ രാജാ ഉദയ് പ്രതാപ് സിംഗ് ജൂദേവ് ഉദയ് പ്രതാപ് കോളേജും ഹെവെറ്റ് ക്ഷത്രിയ സ്കൂൾ എൻഡോവ്‌മെൻ്റ് ട്രസ്റ്റും രൂപീകരിച്ചിരുന്നു , അതിന് കീഴിലാണ് കോളേജ് പ്രവർത്തിക്കുന്നത് . ചാരിറ്റബിൾ എൻഡോവ്‌മെൻ്റ് നിയമം അനുസരിച്ച്, അടിസ്ഥാന വർഷത്തിനുശേഷം ട്രസ്റ്റ് ഭൂമിയുടെ ഉടമസ്ഥാവകാശം സ്വയമേവ ഇല്ലാതാകും.
അതേസമയം ഈ വിവാദങ്ങൾ നടക്കുന്നതിനിടെ കോളേജിൻ്റെ സ്ഥാപക ദിനത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കോളേജിലെത്തിയത് ശ്രദ്ധേയമാണ്. അധ്യാപകരെയും വിദ്യാർത്ഥികളെയും അഭിസംബോധന ചെയ്തുകൊണ്ട് സംസാരിച്ച മുഖ്യമന്ത്രി കോളേജിനെ ഒരു സർവ്വകലാശാലയാക്കാനുള്ള തൻ്റെ പദ്ധതികളെക്കുറിച്ച് തുറന്നു പറഞ്ഞിരുന്നു.
Discussion about this post