കൊൽക്കത്ത : മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ അധികാരത്തിൽ നിന്ന് പുറത്താക്കിയതിന് ശേഷം ഇന്ത്യയുമായുള്ള രാജ്യത്തിന്റെ ബന്ധം മാറിയെന്ന് ബംഗ്ലാദേശ് വിദേശകാര്യ ഉപദേഷ്ടാവ് മുഹമ്മദ് തൗഹിദ് ഹുസൈൻ . ഈ യാഥാർത്ഥ്യം കണക്കിലെടുത്ത് ബംഗ്ലാദേശ് ഇന്ത്യയുമായി ബന്ധം സ്ഥാപിക്കേണ്ടതുണ്ടെന്ന് ഹുസൈൻ പറഞ്ഞു. നോർത്ത് സൗത്ത് യൂണിവേഴ്സിറ്റിയിൽ നടന്ന സെമിനാറിൽ സംസാരിക്കവെയാണ് ഹുസൈൻ ഇക്കാര്യം വ്യക്തമാക്കിയത്.
ഓഗസ്റ്റ് അഞ്ചിന് ശേഷം ഇന്ത്യയുമായുള്ള ബന്ധത്തിൽ മാറ്റം വന്നിട്ടുണ്ട്. നമ്മൾ ഇന്ത്യയുമായുള്ള ബന്ധം കെട്ടിപ്പടുക്കേണ്ടതുണ്ട്. മാറിയ സാഹചര്യത്തിൽ ബംഗ്ലാദേശുമായുള്ള ബന്ധം എങ്ങനെ മുന്നോട്ട് കൊണ്ടുപോകാമെന്ന് ഇന്ത്യ മനസ്സിലാക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയുമായി നല്ല ബന്ധം സ്ഥാപിക്കുന്നതിനെക്കുറിച്ച് അദ്ദേഹം ശുഭാപ്തിവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു. ബംഗ്ലാദേശ് ‘ആർക്കും ദോഷം ചെയ്യില്ല’. ആരും ഞങ്ങളെ ഉപദ്രവിക്കരുതെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു,” ബംഗ്ലാദേശ് വിദേശകാര്യ ഉപദേഷ്ടാവ് പറഞ്ഞു.
ഹിന്ദുക്കളെയും മറ്റ് ന്യൂനപക്ഷ സമുദായങ്ങളെയും സംരക്ഷിക്കണമെന്ന് ഇന്ത്യ വെള്ളിയാഴ്ച ബംഗ്ലാദേശിലെ ഇടക്കാല സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. നിലവിൽ ബംഗ്ലാദേശിൽ മതതീവ്രവാദികൾ ഹിന്ദു വിഭാഗങ്ങൾക്ക് നേരെ അതിരൂക്ഷമായ ആക്രമണം ആണ് നടത്തുന്നത്. നാലോളം ക്ഷേത്രങ്ങൾ അക്രമികൾ തകർത്തിട്ടുണ്ട്. അനിഷ്ട സംഭവങ്ങൾക്കിടെ അക്രമികൾ ഇന്ത്യയുടെ ദേശീയ പതാക അപമാനിച്ചിരുന്നു.
Discussion about this post