ബ്രസ്സൽസ്: ലൈംഗിക തൊഴിലാളികൾക്ക് പ്രസവാവധിയും ആരോഗ്യ ഇൻഷൂറൻസും തൊഴിൽ നിയമവുമെല്ലാം നടപ്പിലാക്കി ചരിത്രം കുറിച്ച് ബെൽജിയം. ലോകത്തിൽ തന്നെ ഇത്തരമൊരു തീരുമാനമെടുക്കുന്ന ആദ്യ രാജ്യമായി ബെൽജിയം മാറുകയാണ്.
2022-ൽ ആണ് ബെൽജിയം ലൈംഗിക തൊഴിൽ കുറ്റകൃത്യമല്ലാതാക്കി മാറ്റിയത്. ജർമനി, ഗ്രീസ്, നെതർലൻഡ്, തുർക്കി എന്നീ രാജ്യങ്ങളിലും നിയമപ്രാബല്യം നൽകി. പക്ഷെ, തൊഴിൽ നിയമങ്ങളടക്കം നടപ്പിലാക്കുന്ന ആദ്യ രാജ്യം ബെൽജിയമാണ്.
ഇത് വിപ്ലവകരമായ തീരുമാനമാണെന്ന് ലൈംഗികതൊഴിലാളികളുടെ അവകാശത്തിനുവേണ്ടി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകൾ ചൂണ്ടിക്കാട്ടുന്നു.
ലോകത്തെമ്പാടുമുള്ള തൊഴിലാളികളെ ഇത്തരം നിയമത്തിനുകീഴിൽ കൊണ്ടുവരണമെന്നും അവര്‍ വ്യക്തമാക്കി.
ലൈംഗികതൊഴിലാളികളെയും മറ്റ് തൊഴിലാളികളേപ്പോലെ കണക്കാക്കണമെന്നാവശ്യപ്പെട്ട് രാജ്യത്ത് വലിയ പ്രക്ഷോഭം നടന്നിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നിയമം. ജോലിയിൽനിന്ന് പിന്മാറുന്ന കാലമാകുമ്പോഴേക്കും പലർക്കും രോഗങ്ങൾ ബാധിക്കാറുണ്ട്. തുടർന്ന് ജോലിചെയ്യാനുള്ള സാഹചര്യം ഇല്ലാതാവുന്നു. ഇത്തരക്കാർക്ക് പെൻഷൻ അടക്കമുള്ളവ നിലവിൽ വരുന്നത് വലിയ ഗുണകരമാവുമെന്നും ഇതുമായി ബന്ധപ്പെട്ടവർ ചൂണ്ടിക്കാട്ടുന്നു.
Discussion about this post