”അപകടം നടന്നയുടനെ വാഹനത്തിലുള്ളവരെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് കൊണ്ടുപോയി. മൂന്നുപേര്‍ക്ക് അനക്കമില്ലായിരുന്നു. എല്ലാവരും യുവാക്കളാണ്. എവിടെയുള്ളവരാണെന്ന് അറിയില്ല”-കളര്‍കോട് കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാട്ടുകാരന്‍ പറയുന്നതിങ്ങനെ. പത്ത് പേരാണ് കാറിലുണ്ടായിരുന്നതെന്നാണ് വിവരം. ഇതില്‍ അഞ്ചുപേരാണ് മരിച്ചത്. ആയുഷ് ഷാജി (ആലപ്പുഴ), ശ്രീദീപ് (പാലക്കാട്) മുഹമ്മദ് ജബ്ബാര്‍ (കണ്ണൂര്‍), ദേവാനന്ദ്(മലപ്പുറം)മുഹമ്മദ് ഇബ്രാഹിം(ലക്ഷദ്വീപ്)എന്നിവരാണ് മരിച്ചവര്‍.
രണ്ടു പേരുടെ നില അതീവഗുരുതരമായി തുടരുകയാണ്. വണ്ടാനം മെഡിക്കല്‍ കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥികളായ ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ അമിതവേഗതയില്‍ കെഎസ്ആര്‍ടിസി ബസില്‍ വന്നിടിക്കുകയായിരുന്നു.
കളര്‍കോട് ജംക്ഷനു സമീപമാണ് അപകടം നടന്നത്. വൈറ്റിലയില്‍നിന്ന് കായംകുളത്തേക്ക് വന്ന കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ ബസും ആലപ്പുഴയിലേക്ക് വന്ന കാറുമാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. പരുക്കേറ്റവരെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാര്‍ വെട്ടിപ്പൊളിച്ചാണ് ആളുകളെ പുറത്തെടുത്തത്.








