വടക്കന്‍ കുവൈറ്റിലെ അല്‍-സുബിയ മരുഭൂമിയില്‍ കുവൈറ്റ്-പോളണ്ട് ആര്‍ക്കിയോളജിക്കല്‍ മിഷന്‍ നടത്തിയ ഖനനത്തില്‍ കണ്ടെത്തിയത് 7500 വര്‍ഷം പഴക്കമുള്ള ഒരു ചോദ്യമാണ്. പാമ്പിന്റെയും മനുഷ്യന്റെയും രൂപസാദൃശ്യമുള്ള ഒരു പ്രതിമയാണ് ഇത്. നീളമേറിയ തലയോട്ടി, പരന്ന മൂക്ക്, ഇല്ലാത്ത വായ, ഇടുങ്ങിയ കണ്ണുകള്‍ എന്നിവയുള്ള ഈ ചെറിയ ശില്‍പം ഗവേഷകര്‍ക്കിടയില്‍ വലിയ തര്‍ക്കത്തിന് തന്നെയാണ് ഇടയാക്കിയിരിക്കുന്നത്.
പുരാതന സമൂഹത്തിലെ ആളുകള്‍ക്കിടയില്‍ നിലനിന്നിരുന്ന ഏതെങ്കിലും വിശ്വാസത്തെയോ ആചാരപരമായ മറ്റെന്തെങ്കിലും കാര്യത്തെയോ പ്രതിനിധീകരിക്കുന്ന ഒന്നാവാം ഇതെന്നാണ് ഒരു വിഭാഗം പറയുന്നത്. എന്നാല്‍ ഇത് മനുഷ്യര്‍ക്കിടയില്‍ നിലനിന്നിരുന്ന അന്യഗ്രഹജീവിവര്‍ഗ്ഗത്തിന്റെ തെളിവായാണ് ചിലര്‍ ഇതിനെ വിലയിരുത്തുന്നത്.
പാമ്പിനെപ്പോലെയുള്ള രൂപത്തിന് ഒഫിഡിയന്‍ പ്രതിമകള്‍ എന്ന് വിളിക്കപ്പെടുന്ന ഈ ടെറകോട്ട ശില്‍പങ്ങള്‍ക്ക് പലപ്പോഴും ‘കോഫിബീന്‍’ കണ്ണുകളും ശരീരത്തില്‍ ചെതുമ്പലിനെ പ്രതിനിധീകരിക്കുന്നതുപോലെയുള്ള ഡോട്ടുകളും ഉണ്ട്.
ഇവ എന്തിനെയാണ് അര്‍ത്ഥമാക്കുന്നതെന്ന ശരിയായ നിഗമനത്തിലെത്തിച്ചേരാന്‍ ഇതുവരെ പുരാവസ്തു ഗവേഷകര്‍ക്ക് കഴിഞ്ഞിട്ടില്ല. ഗാര്‍ഹിക വസ്തുക്കളിലും ശവക്കുഴികളിലുമാണ് ഇത് കൂടുതലായി കണ്ടെത്തിയിരിക്കുന്നത്.
ഇവിടെ മാത്രമല്ല ലോകമെമ്പാടുമുള്ള പുരാതന സംസ്‌കാരങ്ങളുടെ ശേഷിപ്പുകളില്‍ നിന്ന് ഇത്തരം പാമ്പ് മനുഷ്യ സങ്കര പ്രതിമകള്‍ കണ്ടു കിട്ടിയിട്ടുണ്ട്. ഇവയെക്കുറിച്ച് ഇപ്പോഴും വ്യത്യസ്ത അഭിപ്രായങ്ങളാണ് ഗവേഷകര്‍ക്കിടയില്‍ നില നില്‍ക്കുന്നത്.
Discussion about this post