ന്യൂഡൽഹി: ഇന്ത്യയ്‌ക്കെതിരെ ജിഹാദിന് ആഹ്വാനം ചെയ്ത് ജയ്‌ഷെ മുഹമ്മദ് ഭീകര തലവൻ മസൂദ് അസർ. പാകിസ്താനിൽ ജനങ്ങളെ അഭിസംബോധന ചെയ്യുന്നതിനിടെ ആയിരുന്നു ഇന്ത്യയ്‌ക്കെതിരായ ഭീഷണി പരാമർശം. ഇന്ത്യയെ പോലെ ഇസ്രായേലിനെയും ഇല്ലാതാക്കുമെന്നും മസൂദ് അസർ ഭീഷണി മുഴക്കുന്നുണ്ട്. അതേസമയം നീണ്ട 20 വർഷത്തിന് ശേഷമാണ് മസൂദ് അസർ പൊതുവേദിയിൽ പ്രത്യക്ഷപ്പെടുന്നത്.
അള്ളാഹുവിന്റെ വാക്കുകളിലും ജിഹാദിലും വിശ്വാസം ഇല്ലാത്ത നേതാക്കൾ കശ്മീരിലും, പലസ്തീനിലും, മറ്റ് ഇസ്ലാമിക ദേശങ്ങളിലും പരാജയപ്പെടുമെന്നാണ് മസൂദ് അസർ പറയുന്നത്. ഒന്നിനും ഇതിൽ മാറ്റം കൊണ്ടുവരാൻ കഴിയില്ല. അമേരിക്ക ലോകം ഭരിക്കും. തങ്ങളെ വെല്ലുവിളിക്കുന്ന ഒന്നിനും കൊള്ളാത്ത മോദിയെ ഓർത്ത് ലജ്ജിക്കുന്നു. ഒരു എലിയെ പോലെ തങ്ങളുടെ മയ്യത്തിന് മേൽ ഓടി നടക്കുന്ന നെതന്യാഹുവിനെ ഓർത്ത് സഹതാപം മാത്രം. പറയൂ. എന്റെ ബാബാറി മസ്ജിദ് തിരിച്ച് പിടിയ്ക്കാൻ 300 പേരെങ്കിലും എനിക്കൊപ്പം ഉണ്ടാകില്ലേ?. കശ്മീരിലേക്ക് നല്ല പ്രഹരശേഷിയുള്ള തോക്കുകൾ അയക്കും. ഒരിക്കൽ ഈ ആയുധങ്ങൾ എവിടെ നിന്ന് എത്തിയെന്നത് കേട്ട് എല്ലാ ടെലിവിഷൻ അവതാരകരും ഞെട്ടുമെന്നും അസർ പറയുന്നുണ്ട്. ഈ പരാമർശങ്ങളുടെ വീഡിയോയുടെ ഭാഗങ്ങൾ പുറത്തുവന്നിട്ടുണ്ട്.
വീഡിയോയുടെ ഭാഗങ്ങൾ പഴയതാണെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. അസറിന്റെ പഴയ പരാമർശങ്ങളുടെ വീഡിയോകൾ അടിയ്ക്കടി സോഷ്യൽ മീഡിയയിൽ പ്രചരിക്കാറുണ്ട്. എന്നാൽ പിന്നീട് ഇത് പുതിയ വീഡിയോ ആണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. കഴിഞ്ഞ മാസം ഉം ഉൽ ഖ്വാറ മദ്രസ മസ്ജിദ് കോംപ്ലക്‌സിൽ നടന്ന പരിപാടിയിൽ സംസാരിക്കുന്ന വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ.
Discussion about this post