സൗദി ലീഗിലെ ഈ സീസണിലെ അൽ നസ്സറിന്റെ കിരീട പ്രതീക്ഷ ഏതാണ്ട് അസ്തമിച്ചു. വമ്പന്മാരുടെ അങ്കത്തിൽ അൽ ഇത്തിഹാദ് അൽ നസ്സറിനെ 2-1ന് തോൽപ്പിച്ചു. സ്‌കോർ 1-1ന് സമനിലയിൽ നിൽക്കെ, സ്റ്റോപ്പേജ് ടൈമിലാണ് അൽ ഇത്തിഹാദ് വിജയ ഗോൾ നേടിയത്. ഡച്ച് താരം സ്റ്റീവൻ ബെർഗ്വയിനാണ് അൽ ഇത്തിഹാദിനായി ലക്ഷ്യം കണ്ടത്.
റയൽ മാഡ്രിഡിലെ പഴയ സഹതാരങ്ങളായ
ക്രിസ്ത്യാനോ റൊണാൾഡോയും കരീം ബെൻസിമയും നേർക്കുനേർ വന്ന പോരാട്ടത്തിന്റെ ഫസ്റ്റ് ഹാഫിൽ ഗോളുകൾ ഒന്നും പിറന്നില്ല. അമ്പത്തിയഞ്ചാം മിനിറ്റിൽ സൂപ്പർ താരം കരീം ബെൻസിമയുടെ ഗോളിൽ അൽ ഇത്തിഹാദാണ് ആദ്യം ലീഡ് എടുത്തത്. എന്നാൽ, കേവലം രണ്ട് മിനിറ്റിനുള്ളിൽ ക്രിസ്ത്യാനോ റൊണാൾഡോ അൽ നസ്സറിനെ ഒപ്പമെത്തിച്ചു. മാരക ഫോം തുടരുന്ന CR7, തോൽവിക്കിടയിലും അൽ നസ്സറിനായി മികച്ച പ്രകടനം കാഴ്ചവെച്ചു.
ക്ലബ് തോറ്റെങ്കിലും ക്രിസ്ത്യാനോ റൊണാൾഡോയെയാണ് കളിയിലെ മികച്ച താരമായി തെരഞ്ഞെടുത്തത്. അവസാനമായി കളിച്ച നാല് മത്സരങ്ങളിലും CR7 തന്നെയായിരുന്നു മാൻ ഓഫ് ദി മാച്ച്. അൽ ഇത്തിഹാദിനെതിരെ സ്‌കോർ ചെയ്തതോടെ റൊണാൾഡോയുടെ കരിയർ ഗോൾ നേട്ടം 916ൽ എത്തി.
സൗദി ലീഗിൽ 13 മത്സരങ്ങളിൽ നിന്ന് 36 പോയിന്റുള്ള അൽ ഇത്തിഹാദാണ് ടേബിളിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്. 31 പോയിന്റുമായി അൽ ഹിലാൽ രണ്ടാമതാണ്. 13 മത്സരങ്ങളിൽ നിന്ന് 25 പോയിന്റ് മാത്രമുള്ള ക്രിസ്ത്യാനോ റൊണാൾഡോയുടെ അൽ നസ്സർ സൗദി ലീഗിൽ നാലാം സ്ഥാനത്താണ്.
Discussion about this post