കോഴിക്കോട്: വെള്ളയില്‍ പ്രമോഷന്‍ റീല്‍സ് വീഡിയോ ചിത്രീകരിക്കുന്നതിനിടെ ഇരുപതുകാരന്‍ മരിച്ച കേസില്‍ പോലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ കാര്‍ ഡീറ്റെയിലിങ് സ്ഥാപന ഉടമകള്‍ നടത്തിയത് ആസൂത്രിത നീക്കം. കഴിഞ്ഞ ദിവസമാണ് യുവഛായാഗ്രാഹകനും പ്രൊമോഷനല്‍ വീഡിയോ നിര്‍മ്മാതാവുമായ വടകര കടമേരി സ്വദേശി ആല്‍വിൻ പരസ്യ ചിത്രീകരണത്തിനിടെ മരണപ്പെടുന്നത്. എന്നാൽ ഈ സംഭവത്തിൽ ദുരൂഹത വർദ്ധിക്കുന്ന നീക്കങ്ങളാണ് വാഹന ഡീറ്റൈലിംഗ് സ്ഥാപനത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്.
പ്രധാനമായും രണ്ടു കാര്യങ്ങളാണ് ഗുരുതരമായ കുറ്റമായി പോലീസ് കാണുന്നത്. ഒന്നാമതായി ആൽവിനെ ഇടിച്ച വാഹനത്തിന്റെ നമ്പറിന് പകരം മറ്റൊരു നമ്പറാണ് ഉടമകൾ പൊലീസിന് നൽകിയത്. എന്നാൽ ഉച്ചയോട് കൂടി തന്നെ പൊലീസിന് ഇതിൽ സംശയം ഉണ്ടാവുകയും പരിശോധിച്ചപ്പോൾ കള്ളി വെളിച്ചത്താവുകയും ചെയ്തു.
എഫ്.ഐ.ആറിലുള്ള കാറിന്റെ വിവരം മാറ്റി മറ്റൊരു കാറാണ് അപകടമുണ്ടാക്കിയതെന്ന് അന്വേഷണത്തില്‍ വ്യക്തമായെന്നുള്ള അനക്‌സ് റിപ്പോര്‍ട്ട് ഫയല്‍ചെയ്യുമെന്ന് അസി. കമ്മിഷണര്‍ ടി. കെ. അഷ്റഫ് പറഞ്ഞു. യഥാർഥത്തിൽ ഇടിച്ച തെലങ്കാനയിൽ നിന്നുള്ള കാറിന് ഇന്‍ഷുറന്‍സും റോഡ് നികുതിയും ഇല്ലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഇത് സംബന്ധിച്ച് ബുധനാഴ്ച ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നും ആര്‍.ടി.ഒ. അറിയിച്ചു.
അടുത്ത ഗുരുതരമായ കാര്യം, ദൃശ്യങ്ങൾ ഷൂട്ട് ചെയ്ത ഫോൺ കാണാനില്ല എന്നതാണ്. ആൽവിൻ ഇടിച്ച വണ്ടിയും അതിന്റെ ഡ്രൈവറെയും കണ്ടെത്താൻ ഇത് പ്രധാനമാണ്. ആല്‍വിന്റെ മൊബൈലിലെ ദൃശ്യത്തില്‍ ഇത് വ്യക്തമായി കാണാമെന്നാണ് പോലീസിന്റെ നിഗമനം. എന്നാല്‍, അപകടസ്ഥലത്തുനിന്ന് ഈ ഫോണ്‍ അപ്രത്യക്ഷമായി. പ്രതികളെന്നു സംശയിക്കുന്നവര്‍ ഫോണ്‍ ഒളിപ്പിച്ചുവെന്നാണ് പോലീസ് സംശയിക്കുന്നത് . ഈ ഫോണ്‍ കാറിന്റെ ബോണറ്റില്‍ തട്ടിയതിന്റെ പാട് വ്യക്തമായി പരിശോധനയില്‍ കണ്ടെത്തിയിട്ടുമുണ്ട്.
Discussion about this post