അമേരിക്കൻ സൈനിക സഹായമില്ലാതെ യൂറോപ്പിന് സ്വയം പ്രതിരോധിക്കാൻ കഴിയില്ലെന്ന് നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റുട്ടെ. ബ്രസൽസിൽ നടന്ന യൂറോപ്യൻ യൂണിയൻ നിയമനിർമ്മാതാക്കളുടെ യോഗത്തിലാണ് അദ്ദേഹം ഈ പരുക്കൻ സത്യം തുറന്നടിച്ചത്. അമേരിക്കയുമായുള്ള ബന്ധം വേർപെടുത്തി ഒറ്റയ്ക്ക് നിൽക്കാൻ ശ്രമിച്ചാൽ യൂറോപ്പിന്റെ പ്രതിരോധ ബജറ്റ് ഇരട്ടിയിലധികം വർധിപ്പിക്കേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
അമേരിക്കയുടെ സൈനിക പിന്തുണയില്ലാതെ യൂറോപ്പിന് സുരക്ഷിതമായിരിക്കാം എന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ അത് വെറും സ്വപ്നം മാത്രമാണെന്ന് റുട്ടെ പറഞ്ഞു. അമേരിക്കയുടെ ‘Nuclear Umberlla’ ഇല്ലാതെ യൂറോപ്പിന് സ്വാതന്ത്ര്യം നിലനിർത്താനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നാറ്റോ സഖ്യകക്ഷിയായ ഡെന്മാർക്കിന്റെ കീഴിലുള്ള ഗ്രീൻലാൻഡ് പിടിച്ചെടുക്കുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പുതിയ ഭീഷണി നാറ്റോയ്ക്കുള്ളിൽ വലിയ അസ്വസ്ഥത ഉണ്ടാക്കിയിട്ടുണ്ട്. എന്നാൽ മാർക്ക് റുട്ടെയുടെ ഇടപെടലിലൂടെ ഈ വിഷയത്തിൽ ഒരു താൽക്കാലിക ധാരണയിലെത്തിയിട്ടുണ്ട്.
നിലവിൽ ജിഡിപിയുടെ 5% പ്രതിരോധത്തിനായി ചെലവാക്കാൻ നാറ്റോ രാജ്യങ്ങൾ തീരുമാനിച്ചിട്ടുണ്ട്. എന്നാൽ അമേരിക്കൻ സഹായമില്ലാതെ മുന്നോട്ട് പോകണമെങ്കിൽ ഇത് 10% ആയി വർധിപ്പിക്കേണ്ടി വരും. സ്വന്തമായി ആണവായുധ ശേഷി കെട്ടിപ്പടുക്കാൻ ശതകോടിക്കണക്കിന് യൂറോ അധികമായി കണ്ടെത്തേണ്ടി വരുമെന്നും റുട്ടെ ഓർമ്മിപ്പിച്ചു. യൂറോപ്പ് സ്വന്തം കാലിൽ നിൽക്കണമെന്ന ഫ്രാൻസിന്റെ വാദത്തോടുള്ള മറുപടിയായാണ് റുട്ടെ ഇങ്ങനെ പ്രതികരിച്ചത്. അമേരിക്കയുടെ സുരക്ഷാ മുൻഗണനകൾ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ യൂറോപ്പ് സ്വന്തം കാര്യം നോക്കേണ്ടി വരുമെന്ന ട്രംപ് ഭരണകൂടത്തിന്റെ മുന്നറിയിപ്പും അദ്ദേഹം ചൂണ്ടിക്കാട്ടി.










Discussion about this post