പാകിസ്താന് കനത്ത തിരിച്ചടി നൽകിക്കൊണ്ട് ഇസ്‌ലാമാബാദ് വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതലയിൽ നിന്ന് യുഎഇ (UAE) പിന്മാറി. ഗൾഫ് രാഷ്ട്രീയത്തിലെ പുതിയ ചേരിതിരിവുകളും ഇന്ത്യയുമായുള്ള യുഎഇയുടെ വർദ്ധിച്ചുവരുന്ന അടുപ്പവുമാണ് ഇതിന് പിന്നിലെന്നാണ് സൂചനകൾ. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ഇന്ത്യാ സന്ദർശനത്തിന് പിന്നാലെയാണ് ഈ നിർണ്ണായക തീരുമാനം പുറത്തുവരുന്നത്.
യുഎഇ പ്രസിഡന്റ് ഷെയ്ഖ് നഹ്യാന്റെ ഇന്ത്യ സന്ദർശനം ചരിത്രപരമായ വിജയമായിരുന്നു. 900 ഇന്ത്യൻ തടവുകാരെ മോചിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ തീരുമാനം ഇരുരാജ്യങ്ങളും തമ്മിലുള്ള ആഴത്തിലുള്ള സൗഹൃദത്തിന്റെ അടയാളമായി. ഇന്ത്യയും യുഎഇയും തമ്മിൽ പ്രതിരോധ മേഖലയിൽ വലിയ കരാറുകളിലേക്കും നീങ്ങുകയാണ്.
ഒരുകാലത്ത് ഉറ്റ സുഹൃത്തുക്കളായിരുന്ന സൗദി അറേബ്യയും യുഎഇയും ഇപ്പോൾ പല പ്രാദേശിക വിഷയങ്ങളിലും (പ്രത്യേകിച്ച് യമൻ യുദ്ധം) ഭിന്നതയിലാണ്. പാകിസ്താൻ സൗദി അറേബ്യയുമായി ചേർന്ന് ‘ഇസ്‌ലാമിക് നാറ്റോ’ എന്ന ലക്ഷ്യവുമായി സൈനിക ബന്ധം ശക്തമാക്കുന്നതിൽ യുഎഇക്ക് അതൃപ്തിയുണ്ടെന്നാണ് റിപ്പോർട്ടുകൾ. പാകിസ്താനിലെ അടിസ്ഥാന സൗകര്യ വികസനത്തിലും ഭരണനിർവ്വഹണത്തിലുമുള്ള കെടുകാര്യസ്ഥത യുഎഇയെ ഈ പ്രോജക്റ്റിൽ നിന്ന് പിന്നോട്ട് വലിച്ചു. വിമാനത്താവളം നടത്താൻ അനുയോജ്യമായ ഒരു പ്രാദേശിക പങ്കാളിയെ കണ്ടെത്താൻ അബുദാബിക്ക് സാധിച്ചില്ല എന്നതും പിന്മാറ്റത്തിന് കാരണമായി.
പാകിസ്താൻ സൗദി അറേബ്യയുമായി ചേർന്ന് സെപ്റ്റംബറിൽ ‘തന്ത്രപരമായ പ്രതിരോധ കരാർ’ ഒപ്പിട്ടു. ഇതിന് മറുപടിയെന്നോണം യുഎഇ ഇന്ത്യയുമായി ചേർന്ന് പുതിയ പ്രതിരോധ സഖ്യങ്ങൾ രൂപപ്പെടുത്തുകയാണ്. ഇത് പാകിസ്താനെ സംബന്ധിച്ചിടത്തോളം വലിയൊരു നയതന്ത്ര പരാജയമാണ്. സാമ്പത്തിക പ്രതിസന്ധിയിൽ ഉഴലുന്ന പാകിസ്താൻ തങ്ങളുടെ വിമാനത്താവളങ്ങളും വിമാനക്കമ്പനിയായ പിഐഎയും വിൽക്കാൻ ശ്രമിക്കുന്നതിനിടയിലാണ് യുഎഇയുടെ ഈ പിന്മാറ്റം. ഇത് പാകിസ്താന്റെ നിക്ഷേപ സാധ്യതകളെ സാരമായി ബാധിക്കും.









Discussion about this post