ലോകപ്രശസ്ത ബഹിരാകാശ സഞ്ചാരി സുനിത വില്യംസ് ഇപ്പോൾ കേരളത്തിലാണ്. കോഴിക്കോട് സന്ദർശനത്തിനിടെ നഗരത്തിലെ ഒരു ഫലൂദ ഔട്ട്‌ലെറ്റിൽ കയറി തണുത്ത ഫലൂദ ആസ്വദിക്കുന്ന സുനിതയുടെ വീഡിയോയാണ് ഇപ്പോൾ ഇന്റർനെറ്റിൽ തരംഗമാകുന്നത്. കോഴിക്കോട്ടെ ‘ഫലൂദ നേഷൻ’ (Falooda Nation) എന്ന കടയിലാണ് സുനിത വില്യംസ് എത്തിയത്.
പീച്ച് നിറത്തിലുള്ള ടീ ഷർട്ട് ധരിച്ച് അങ്ങേയറ്റം ലളിതമായി, ചുറ്റുമുള്ളവരോട് സംസാരിച്ച് ഫലൂദ ആസ്വദിക്കുന്ന സുനിതയെ വീഡിയോയിൽ കാണാം. “ഞങ്ങളുടെ സ്റ്റോറിൽ സുനിത വില്യംസിനെ സ്വാഗതം ചെയ്യാൻ കഴിഞ്ഞത് വലിയൊരു ബഹുമതിയാണ്” എന്ന് കടയുടമകൾ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. ഇതിനോടകം 40 ലക്ഷത്തോളം (4 Million) ആളുകളാണ് ഈ വീഡിയോ കണ്ടത്.
ഒബാമ റെസ്റ്റോറന്റിൽ വന്നപ്പോൾ ചെയ്തതുപോലെ ആ ടേബിൾ എന്നെന്നേക്കുമായി റിസർവ് ചെയ്യണം” എന്നാണ് ഒരു ആരാധകൻ കുറിച്ചത്. ഇത്രയും വലിയ നേട്ടങ്ങൾ കൈവരിച്ചിട്ടും അവരുടെ പെരുമാറ്റത്തിലെ ലാളിത്യവും ആത്മവിശ്വാസവുമാണ് സോഷ്യൽ മീഡിയയെ ആകർഷിച്ചത്. 27 വർഷത്തെ സേവനത്തിന് ശേഷം കഴിഞ്ഞ ഡിസംബറിലാണ് സുനിത വില്യംസ് നാസയിൽ നിന്ന് വിരമിച്ചത്.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ISS) മൂന്ന് ദൗത്യങ്ങൾ പൂർത്തിയാക്കിയ അവർ, ഏറ്റവും കൂടുതൽ സമയം ബഹിരാകാശത്ത് നടന്ന വനിത എന്നതടക്കം നിരവധി റെക്കോർഡുകൾക്ക് ഉടമയാണ്. 608 ദിവസമാണ് അവർ ബഹിരാകാശത്ത് ചെലവഴിച്ചത്. സുനിത വില്യംസിന്റെ നേട്ടങ്ങൾ ചന്ദ്രനിലേക്കും ചൊവ്വയിലേക്കുമുള്ള ഭാവി ദൗത്യങ്ങൾക്ക് വലിയ അടിത്തറയിട്ടതായി നാസ അഡ്മിനിസ്ട്രേറ്റർ ജാരെഡ് ഐസക്മാൻ പറഞ്ഞു. വലിയ സ്വപ്നങ്ങൾ കാണാൻ വരുംതലമുറയെ സുനിതയുടെ ജീവിതം എന്നും പ്രചോദിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.









Discussion about this post