അഭാജ്യസംഖ്യകളെ പരിചയപ്പെടുത്തുന്ന ഒരു കൈപ്പുസ്തകവുമായി അഴിമതി വിരുദ്ധ പോരാട്ടങ്ങൾക്ക് പേരു കേട്ട ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ഡോ. രാജു നാരായണ സ്വാമി. വിവിധ ഒളിംപ്യാഡ് പരീക്ഷകളില്‍ നിന്നും തെരഞ്ഞെടുത്ത ചോദ്യങ്ങളും അവയ്ക്കുള്ള ഉത്തരങ്ങളുമാണ് പുസ്തകത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. പ്രൈം നമ്പര്‍ തീയറിയുടെ അടിസ്ഥാനമായ പാലിന്‍ഡ്രോമിക് അഭാജ്യസംഖ്യകള്‍ മുതല്‍ സയാമീസ് പ്രൈമുകള്‍ വരെയുള്ള സംജ്ഞകളെക്കുറിച്ചുള്ള ലഘുവിവരണവും ഗ്രന്ഥത്തില്‍ ഉണ്ട്.
സ്വാമിയുടെ മുപ്പത്തിനാലാമത്തെ പുസ്തകമാണിത്. ഒളിംപ്യാഡിനൊരുങ്ങുന്ന കുട്ടികള്‍ക്കു വേണ്ടിയുള്ള രണ്ടാമത്തെ പുസ്തകവും. സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ “ശാന്തിമന്ത്രം മുഴങ്ങുന്ന താഴ്വരയില്‍” മുതല്‍ സംസ്ഥാന ബാലസാഹിത്യ പുരസ്കാരത്തിനര്‍ഹമായ “നീലക്കുറിഞ്ഞി : ഒരു വ്യാഴവട്ടത്തിലെ വസന്തം” വരെയുള്ള കൃതികള്‍ സ്വാമി ഇതിനുമുന്‍പെഴുതിയ പുസ്തകങ്ങളില്‍പ്പെടും.
അഞ്ചു ജില്ലകളില്‍ കളക്ടറായും കോളേജ് വിദ്യാഭ്യാസ ഡയറക്ടര്‍ , മാര്‍ക്കറ്റ് ഫെഡ് എം.ഡി. , കാര്‍ഷികോല്പാദന കമ്മീഷണര്‍ , കേന്ദ്ര നാളികേര വികസന ബോര്‍ഡ് ചെയര്‍മാന്‍ തുടങ്ങിയ നിലകളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. അഴിമതിക്കെതിരെ ഉള്ള പോരാട്ടത്തിന് ഐ.ഐ.ടി കാന്‍പൂര്‍ അദ്ദേഹത്തിന് 2018 ല്‍ സത്യേന്ദ്രദുബേ മെമ്മോറിയല്‍ അവാര്‍ഡ് നല്‍കിയിരുന്നു. സൈബര്‍ നിയമത്തില്‍ ഹോമി ഭാഭാ ഫെലോഷിപ്പു് നേടിയിട്ടുണ്ട്. ബൗദ്ധിക സ്വത്ത് അവകാശനിയമത്തിലെ ഗവേഷണങ്ങള്‍ക്ക് അമേരിക്കയിലെ ജോര്‍ജ് മസോന്‍ യൂണിവേഴ്സിറ്റി നല്‍കുന്ന അംഗീകാരമായ ലിയനാഡോ ഡാവിഞ്ചി ഫെല്ലോഷിപ്പ് 2021 ഡിസംബറിലാണ് സ്വാമിക്ക് ലഭിച്ചത്. നിയമത്തിലും ടെക്നോളജിയിലും ആയി 270 ലേറെ ഗവേഷണ പ്രബന്ധങ്ങൾ അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട് . മുപ്പത്തിയെട്ട് തവണ കേന്ദ്ര തെരഞ്ഞെടുപ്പ് നിരീക്ഷകൻ ആയ ഐ.എ.എസ് ഉദ്യോഗസ്ഥൻ എന്ന അപൂർവ്വ റെക്കോർഡും സ്വാമിയുടെ പേരിൽ ഉണ്ട് .
പത്താം ക്ലാസിലും പ്രീഡിഗ്രിക്കും കാൺപൂർ ഐഐടിയിൽ നിന്ന് ബിടെക്കിലും സിവിൽ സർവീസ് പ്രവേശന പരീക്ഷയ്ക്കും ഒന്നാം റാങ്ക് നേടിയിട്ടുള്ള വ്യക്തിയാണ് ഡോ. രാജു നാരായണ സ്വാമി. ഗണിതശാസ്ത്രത്തിലെ ജീനിയസ്, അഴിമതി വിരുദ്ധ പോരാട്ടത്തിൽ വീഴ്ച ഇല്ലാത്ത നിലപാട് എടുത്ത വ്യക്തി എന്നീ നിലകളിലും ശ്രദ്ധേയനാണ്. നിറം നോക്കാതെ എലിയെ പിടിക്കുന്ന പൂച്ച എന്ന് മുഖ്യമന്ത്രിയായിരുന്ന അച്യുതാനന്ദൻ വിശേഷിപ്പിച്ച കളക്ടർ എന്ന സവിശേഷതയും അദ്ദേഹത്തിനുണ്ട്. ഇദ്ദേഹം ഇടുക്കി ജില്ലാ കളക്ടറായിരുന്ന സമയത്ത് പൊതുമരാമത്ത് വകുപ്പ് മന്ത്രി ടി യു കുരുവിളയ്ക്ക് എതിരെ നൽകിയ റിപ്പോർട്ട് കാരണം മന്ത്രിക്ക് രാജിവെക്കേണ്ടി വന്നിരുന്നു. ഒരു ഐഎഎസ് ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ടിനേത്തുടര്‍ന്ന് മന്ത്രി രാജിവെക്കുന്നത് രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടായിരുന്നു.










Discussion about this post