വനിതാ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിനെതിരെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ റിച്ചാ ഘോഷ് നടത്തിയ അവിശ്വസനീയമായ ബാറ്റിംഗ് പ്രകടനം ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചിരിക്കുകയാണ്. 200 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ആർസിബി ഒരു ഘട്ടത്തിൽ 35 റൺസിന് 5 വിക്കറ്റ് എന്ന നിലയിൽ തകർന്നടിഞ്ഞതായിരുന്നു. എന്നാൽ അവിടെനിന്ന് റിച്ചാ ഘോഷ് നടത്തിയ ഒറ്റയാൾ പോരാട്ടം ടീമിനെ വിജയത്തിന്റെ തൊട്ടടുത്ത് വരെയെത്തിച്ചു.
ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യൻസ്, നാറ്റ് സിവർ-ബ്രണ്ടിന്റെ തകർപ്പൻ സെഞ്ചുറിയുടെ (100*) കരുത്തിൽ 199 റൺസെന്ന കൂറ്റൻ സ്കോർ പടുത്തുയർത്തി. മറുപടി ബാറ്റിംഗിനിറങ്ങിയ ആർസിബിയുടെ മുൻനിര ബാറ്റർമാർ നിരാശപ്പെടുത്തിയെങ്കിലും റിച്ചയുടെ പോരാട്ടം കളി ആവേശകരമാക്കി. ഒടുവിൽ 20 ഓവറിൽ 184/9 എന്ന സ്കോറിന് ആർസിബി പോരാട്ടം അവസാനിപ്പിച്ചു.
18 ഓവർ കഴിയുമ്പോൾ വെറും 55* (40) റൺസിലായിരുന്ന റിച്ച, അടുത്ത രണ്ട് ഓവറിൽ അടിച്ചുകൂട്ടിയത് 35 റൺസാണ്. ഒടുവിൽ അവസാന ഓവറിൽ അമീലിയ കെറിന്റെ പന്തിൽ പുറത്താകുമ്പോൾ ആർസിബി ലക്ഷ്യത്തിന് 15 റൺസ് മാത്രം അകലെയായിരുന്നു. തോറ്റെങ്കിലും, റിച്ചാ ഘോഷിന്റെ ഈ ഇന്നിംഗ്സ് ഡബ്ല്യുപിഎൽ ചരിത്രത്തിലെ ഏറ്റവും മികച്ച ബാറ്റിംഗ് പ്രകടനങ്ങളിൽ ഒന്നായി വിലയിരുത്തപ്പെടുന്നു.













Discussion about this post