കോഴിക്കോട്: മുനമ്പവും വഖഫും സമസ്തയും മുസ്ലിംലീഗിനുള്ളിൽ പുകയുമ്പോൾ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി കോഴിക്കോട് പോസ്റ്ററുകൾ പ്രത്യക്ഷപെട്ടു. പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളേയും കുഞ്ഞാലിക്കുട്ടിയേയും ലക്‌ഷ്യം വച്ചാണ് പോസ്റ്ററുകൾ . ഇന്ന് കോഴിക്കോട്ട് ലീഗ് സംസ്ഥാന വർക്കിംഗ് കമ്മിറ്റി യോഗം ചേരാനിരിക്കെയാണ് പോസ്റ്ററുകൾ പ്രത്യക്ഷേപട്ടതെന്ന് ശ്രദ്ധേയമായി.
കോഴിക്കോട്ടെ ലീഗ് ഹൗസിനു മുമ്പിലും പരിസരങ്ങളിലുമായി പോസ്റ്ററുകൾ ഉയർന്നത്. .’മുനവ്വറലി തങ്ങളെ വിളിക്കൂ, മുസ്ലിം ലീഗിനെ രക്ഷിക്കൂ’, ‘മുനമ്പത്തെ ഭൂമി വഖഫല്ലെന്ന് പറയാൻ വി.ഡി. സതീശനെ ചുമതലപ്പെടുത്തിയ നേതാവിനെ പാർട്ടി പുറത്താക്കുക’ തുടങ്ങിയ പോസ്റ്ററുകളാണ് പതിച്ചത്. കുഞ്ഞാലിക്കുട്ടിയുടെ വിരുദ്ധചേരിയായി അറിയപ്പെടുന്ന ഇ.ടി.മുഹമ്മദ് ബഷീർ, എം.കെ.മുനീർ, കെ.പി.എ.മജീദ്, കെ.എം.ഷാജി, പി.വി.അബ്ദുൾവഹാബ് തുടങ്ങിയവർ മുനമ്പത്തെ വഖഫ് ഭൂമിയടക്കമുള്ള വിഷയങ്ങളിൽ വിരുദ്ധാഭിപ്രായം ഉള്ളവരാണ്. മുനമ്പം വഖഫ് ഭൂമി വിഷയത്തിൽ കർക്കശ നിലപാടാണ് ഇവർ സ്വീകരിക്കുന്നത്.










