ന്യൂഡൽഹി : കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രകടനപത്രികയിലെ ഏറ്റവും പ്രധാനപ്പെട്ട വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ ബിൽ നടപ്പിലാക്കും എന്നുള്ളത്. മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തിലുള്ള സമിതിയുടെ വിശദമായ പഠനത്തിനും റിപ്പോർട്ടുകൾക്കും ശേഷം ഇപ്പോൾ
‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചിരിക്കുകയാണ്.
ലോക്‌സഭ, നിയമസഭ തിരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്താനുള്ള മോദി സർക്കാരിന്റെ ദൃഢനിശ്ചയമാണ് ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’. രാജ്യത്ത് അടിക്കടി തിരഞ്ഞെടുപ്പുകൾ വരുന്നത് രാജ്യത്തിന്റെ വികസനത്തിന് തടസ്സം ഉണ്ടാക്കുന്ന കാര്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം കേന്ദ്ര കൃഷി മന്ത്രി ശിവരാജ് സിംഗ് ചൗഹാനും ഇതേ അഭിപ്രായം പങ്കുവെച്ചിരുന്നു.
നിലവിൽ ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ന്റെ കരട് ബില്ലിനാണ് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയിരിക്കുന്നത്. ഇനി അടുത്ത ഘട്ടമായി സമഗ്രമായ ബിൽ പാർലമെന്റിൽ കൊണ്ടുവരുക എന്നുള്ളതാണ്. ലോക്സഭയുടെ ശീതകാല സമ്മേളനത്തിൽ തന്നെ ഈ സമഗ്ര ബിൽ കൊണ്ടുവരുമെന്നാണ് സൂചന. ബിൽ ലോകസഭയും രാജ്യസഭയും രാഷ്ട്രപതിയും അംഗീകരിച്ചു നിയമമായി മാറിക്കഴിഞ്ഞാൽ 2029ഓടെ കേന്ദ്രസർക്കാർ ഈ പുതിയ രീതി നടപ്പിലാക്കി തുടങ്ങാനാണ് സാധ്യത.
Discussion about this post