ലോകത്തിലെ ഏറ്റവും ശക്തരായ വനിതകളുടെ പട്ടികയിൽ ഇടം നേടി ധനമന്ത്രി നിർമ്മല സീതാരാമൻ. ഇന്ത്യയില്‍ നിന്നും മൂന്ന് പേരാണ് ഫോബ്‌സിന്റെ പട്ടികയില്‍ ഇടം നേടിയിരിക്കുന്നത്. ഇവരില്‍ ഒന്നാം സ്ഥാനത്താണ് നിർമ്മലാ സീതാരാമൻ. ബിസിനസ്സ്, വിനോദം, രാഷ്ട്രീയം, ജീവകാരുണ്യപ്രവർത്തനം തുടങ്ങി വിവിധ മേഖലകളിൽ സ്വാധീനം ചെലുത്തിയവരെ ഉൾപ്പെടുത്തിയാണ് ഫോബ്‌സിന്റെ 21-ാമത് വാർഷിക പട്ടിക തയ്യാറാക്കിയിരിക്കുന്നത്.
ഇന്ത്യയുടെ ഏകദേശം 4 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥ കൈകാര്യം ചെയ്യാനുള്ള ചുമതല വഹിക്കുന്ന നിർമല സീതാരാമൻ, ഫോബ്‌സിന്റെ പട്ടികയിൽ 28 -ാം സ്ഥാനത്താണ്. 2019 മെയിലാണ് നിർമല സീതാരാമൻ ധനമന്ത്രിയായി തന്റെ യാത്ര തുടങ്ങിയ അവർ മൂന്നാം മോദി സര്‍ക്കാരിലും ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയുടെ ചുമതല വഹിക്കുന്നു. നിലവിൽ ആഗോളതലത്തിൽ അഞ്ചാമത്തെ വലിയ ജിഡിപിയുള്ള ഇന്ത്യ, 2027 ഓടെ ജപ്പാനെയും ജർമ്മനിയെയും മറികടന്ന് ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറുമെന്ന് നമ്മുടെ രാജ്യത്തിന് ഉറപ്പ് നല്‍കിയിരിക്കുന്നു.
ലോകത്തിലെ ഏറ്റവും ശക്തരായ വനിതകളുടെ ഫോബ്‌സ് പട്ടികയില്‍ ഇടം നേടിയ മറ്റൊരു ഇന്ത്യന്‍ വനിത റോഷ്‌നി നാടാർ മൽഹോത്രയാണ്. പട്ടികയില്‍ 81-ാം സ്ഥാനത്താണ് റോഷ്‌നി നാടാർ മൽഹോത്ര. ഇന്ത്യയിലെ പ്രമുഖ ഐടി സേവന സ്ഥാപനങ്ങളിലൊന്നായ എച്ച്‌സിഎൽ ടെക്‌നോളജീസിൻ്റെ ചെയർപേഴ്‌സണും എച്ച്സിഎൽ കോർപ്പറേഷൻ്റെ സിഇഒയുമാണ് റോഷ്‌നി.
ഇന്ത്യയില്‍ നിന്നും ഫോബ്‌സ് പട്ടികയില്‍ ഇടം നേടിയ മറ്റൊരു വനിതയാണ് കിരൺ മജുംദാർ-ഷാ. പട്ടികയിൽ റോഷ്‌നി നാടാർക്ക് തൊട്ടുപിന്നിലാണ് കിരൺ മജുംദാർ-ഷായുടെ സ്ഥാനം. 1978-ൽ സ്ഥാപിതമായ ബയോകോൺ എന്ന ബയോഫാർമസ്യൂട്ടിക്കൽ കമ്പനിയുടെ സ്ഥാപകയും ചെയർപേഴ്‌സണുമാണ് കിരൺ മജുംദാർ. യുഎസ് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര വിപണികളിലേക്ക് എത്തിയ ബയോകോൺ താമസിയാതെ, ഏഷ്യയിലെ ഏറ്റവും വലിയ ഇൻസുലിൻ നിർമ്മാണ കേന്ദ്രങ്ങളിലൊന്ന് മലേഷ്യയിൽ ആരംഭിച്ചു.








