മുംബൈ: ഹൈദരാബാദ് സര്‍വകലാശാലയ്ക്കും ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയ്ക്കും ശേഷം ദേശവിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴങ്ങി തുടങ്ങുന്ന മുംബൈയിലെ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ടിനെ ലക്ഷ്യമാക്കി എബിവിപി. തങ്ങളുടെ അടുത്ത ലക്ഷ്യം മുംബൈ് ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് സോഷ്യല്‍ സയന്‍സസ് ആണെന്ന് എ.ബി.വി.പി മുംബൈ കമ്മിറ്റി സെക്രട്ടറി അനികേത് ഓവ്ഹാള് വ്യക്തമാക്കി.
പഠിയ്ക്കുന്നതിന് പകരം വിദ്യാര്‍ത്ഥികള്‍ രാഷ്ട്രീയത്തില്‍ ശ്രദ്ധ കേന്ദ്രീകരിയ്ക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുകയാണ് ലക്ഷ്യമെന്ന് എബിവിപി നേതാക്കള്‍ പറയുന്നു. ദേശീയതയെ കുറിച്ച് വിദ്യാര്‍ത്ഥികളെ ബോധവത്ക്കരിക്കുകയാണ് ഞങ്ങളുടെ ഉദ്ദേശമെന്നും എബിവിപി നേതാക്കള്‍ പറയുന്നു.’ ഞങ്ങള്‍ ടിസിനെ തീര്‍ച്ചയായും ലക്ഷ്യം വയ്ക്കുന്നുണ്ട്. പക്ഷെ ജെ.എന്‍.യുവില്‍ ഉണ്ടായത് പോലുള്ള സംഭവങ്ങള്‍ ഇവിടെയുണ്ടാവില്ല. വിദ്യാര്‍ത്ഥികള്‍ കെണിയില്‍ വീഴരുതെന്നും ദേശീയതയുടെ അര്‍ത്ഥം മനസിലാക്കണമെന്നുമേ ഞങ്ങള്‍ക്കുള്ളൂ. ഐ.ഐ.ടി അടക്കമുള്ള മുംബയിലെ മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലേയും മുംബൈ സര്‍വകലാശാലയിലെയും വിദ്യാര്‍ത്ഥികളുമായി തങ്ങള്‍ സംസാരിയ്ക്കുമെന്നും എ.ബി.വി.പി നേതൃത്വം വ്യക്തമാക്കി.
ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങളേയും അതേ സമയം ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന് പ്രസിഡന്റ് കനയ്യ കുമാറിന്റെ അറസ്റ്റിനേയും അപലപിച്ച് ടിസ് വിദ്യാര്‍ത്ഥികള്‍ പ്രസ്താവന ഇറക്കിയിരുന്നു. ക്യാമ്പസില്‍ ജെ.എന്‍.യു പ്രശ്നവുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥി യൂണിയന് നേതാക്കള്‍ സംസാരിയ്ക്കുന്നതിന്റെ വീഡിയോയും സോഷ്യല്‍ മീഡിയകളില്‍ പ്രചരിപ്പിയ്ക്കുന്നുണ്ട്.
ജെ.എന്‍.യു പ്രശ്നം ചര്‍ച്ച ചെയ്യുന്നതിനായി വിദ്യാര്‍ത്ഥികളുടെ ജനറല്‍ ബോഡി യോഗവും വിളിച്ചു ചേര്‍ത്തിരുന്നു. ദേശീയത, ദേശവിരുദ്ധത സംബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് വ്യത്യസ്ത നിലപാടുകളുണ്ടെന്ന് ക്യാമ്പസിലെ ഇടത്പക്ഷ അധ്യാപകര്‍ പറയുന്നു. വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും ഇത് സംബന്ധിച്ച് സജീവമായ ചര്‍ച്ച നടത്തുന്നുണ്ടെന്ന് ടിസ് അക്കാഡമിക്സ് ഡെപ്യൂട്ടി ഡയറക്ടര്‍ ശാലിനി ഭാരത് വ്യക്തമാക്കി.
Discussion about this post