അമരാവതി: നാലാം ഘട്ട വോട്ടെടുപ്പ് തുടരുന്നതിനിടെ ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ ജില്ലയിലെ പോളിംഗ് ബൂത്തിൽ സംഘർഷം. വൈഎസ്ആർ കോൺഗ്രസ് എംഎൽഎ ശിവ കുമാർ പോളിംഗ് ബൂത്തിൽ വോട്ടറെ കയ്യേറ്റം ചെയ്തു. വരി തെറ്റിച്ചത് ചോദ്യം ചെയ്തപ്പോഴായിരുന്നു കയ്യേറ്റം.
കയ്യേറ്റം ചെയ്ത എംഎൽഎയെ വോട്ടർ തിരിച്ചടിച്ചു. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. പത്ത് സെക്കന്റ് ദൈർഘ്യമുള്ള വീഡിയോ ആണ് പുറത്തു വന്നിരിക്കുന്നത്. പോളിംഗ് ബൂത്തിൽ ആളുകൾ വരി നിൽക്കുന്നതും അതിനിടയിൽ എംഎൽഎ മുന്നോട്ട് വന്ന് ഒരു വോട്ടറെ അടിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. വോട്ടർ തിരിച്ചടിച്ചതോടെ ശിവ കുമാറിന്റെ കൂടെയുള്ളവർ ഇയാളെ സംഘം ചേർന്ന് മർദ്ദിക്കുകയായിരുന്നു. മറ്റ് വോട്ടർമാർ ആക്രമണം തടയാൻ ശ്രമിക്കുന്നതും ഇയാളെ രക്ഷിക്കുന്നതും വീഡിയോയിൽ കാണാം.
ദൃശ്യങ്ങൾ പ്രചരിച്ചതോടെ ജഗൻ റെഡ്ഡിയുടെ പാർട്ടിയ്ക്കും പാർട്ടി എംഎൽഎയ്ക്കുമെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്. രാവിലെയോടെ പോളിംഗ് ബൂത്തിലെത്തിയ എംഎൽഎ വരി നിൽക്കാതെ നേരെ അകത്തേക്ക് കയറി പോകുകയായിരുന്നു. ഇത് യുവാവ് ചോദ്യം ചെയ്തതാണ് ശിവ കുമാറിനെ ചൊടിപ്പിച്ചത്. സംഭവത്തിൽ ശിവ കുമാർ ഇതുവരെ പ്രതികരിച്ചിട്ടില്ല. സംഭവത്തിൽ എംഎൽഎയ്‌ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.
Discussion about this post