ഗാന്ധിനഗർ: അഹമ്മദാബാദ് ക്രിക്കറ്റ് ബെറ്റിംഗ് കേസുമായി ബന്ധപ്പെട്ട് സിഐഡിയും ആദായനികുതി വകുപ്പും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിൽ പിടിച്ചെടുത്തത് കണക്കിൽ പെടാത്ത കോടിക്കണക്കിന് രൂപ. 18 കോടിയിലധികം ഇന്ത്യൻ കറൻസി, ഒരു കിലോ സ്വർണം, 64 ലക്ഷം വിദേശ കറൻസി എന്നിവയാണ് പിടിച്ചെടുത്തത്. മെയ് എട്ടിനാണ് അഹമ്മദാബാദിലുടനീളം പരിശോധന നടത്തിയതെന്ന് സിഐഡി എസ്പി മുകേഷ് പട്ടേൽ പറഞ്ഞു.
‘അഹമ്മദാബാദ് സോൺ പോലീസിന്റെ പരിധിയിലുള്ള ക്രിക്കറ്റ് ബെറ്റിംഗ് കേസുമായി ബന്ധപ്പെട്ട് മെയ് 8ന് പതിനൊന്നോളം സ്ഥലത്ത് ഒരേസമയം പോലീസും, ആധായ നികുതി വകുപ്പ് ഉദേ്യാഗസ്ഥരും സംയുക്തമായി പരിശോധന നടത്തിയിരുന്നു. 18.55 കോടി ഇന്ത്യൻ കറൻസി പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. ഇതിന് പുറമെ ഒരു കിലോ സ്വർണവും 64 ലക്ഷത്തോളം വിദേശ നോട്ടുകളും പിടിച്ചെടുത്തു’- എസ്പി മുകേഷ് പട്ടേൽ വ്യക്തമാക്കി.
പിടിച്ചെടുത്ത പണവും സ്വർണവും ആദായ നികുതി വകുപ്പിന് മുമ്പിൽ ഹാജരാക്കിയതായും അദ്ദേഹം അറിയിച്ചു. പരിശോധന നടത്തിയ വസതിയിൽ നിന്നും കേസുമായി ബന്ധപ്പെട്ട ഇലക്‌ട്രോണിക്ക് ഉപകരണങ്ങളും കണ്ടെത്തിയിരുന്നു. ഇവ ഫോറൻസിക് പരിശോധനയ്ക്കായി അയച്ചു. കേസുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും എസ്പി കൂട്ടിച്ചേർത്തു.
Discussion about this post