ന്യൂഡൽഹി: ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബിൽ ഇന്ന് പാർലമെന്റിൽ അവതരിപ്പിച്ചേക്കും. പാർലമെന്റിന്റെ ഇരുസഭകളിലും ഒരേ ദിവസം ബിൽ അവതരിപ്പിക്കുമെന്നാണ് സൂചന. ഇന്നത്തെ ധനാഭ്യർത്ഥന ചർച്ചകൾക്ക് ശേഷം ബിൽ അവതരിപ്പിക്കാനാണ് സാധ്യത. ഒറ്റതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രണ്ട് ബില്ലുകളാണ് കേന്ദ്രസർക്കാർ കൊണ്ടുവരുന്നത്.. ഭരണഘടനാ ഭേദഗതി ബില്ലും കേന്ദ്രഭരണപ്രദേശങ്ങളുമായി ബന്ധപ്പെട്ട മറ്റൊരു ബില്ലുമാകും ഇരുസഭകളിലും അവതരിപ്പിക്കുക.
2034 മുതൽ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പിലേക്ക് നീങ്ങാനാണ് ബിൽ വ്യവസ്ഥ ചെയ്യുന്നത്.ലോക്‌സഭ നിയമസഭ തിരഞ്ഞെടുപ്പുകൾ ഒരുമിച്ചും നൂറ് ദിവസത്തിനുള്ളിൽ തദ്ദേശ തിരഞ്ഞെടുപ്പും നടത്താനാണ് ബിൽ നിർദേശിക്കുന്നത്.
ബില്ലിന് നേരത്തെ കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. തെരഞ്ഞെടുപ്പുകൾ ഒരുമിച്ചു നടത്താനുള്ള നിർദേശത്തെക്കുറിച്ചു പഠിക്കാൻ നിയോഗിച്ച മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തിലുള്ള ഉന്നതാധികാര സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഭരണഘടനാ ഭേദഗതികൾ അടക്കമുള്ള ബില്ലുകൾക്ക് അംഗീകാരം നൽകിയത്.
Discussion about this post