ന്യൂഡൽഹി: ഉഭയകക്ഷി ബന്ധവും ഊർജ സഹകരണവും ശക്തിപ്പെടുത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഡിസംബർ 21-22 തീയതികളിൽ കുവൈറ്റിലേക്ക് യാത്ര തിരിക്കും. 43 വർഷത്തിന് ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രിയുടെ ആദ്യ കുവൈറ്റ് സന്ദർശനമാകും ഇത്.
കുവൈറ്റ് അമീർ ഷെയ്ഖ് മെഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിൻ്റെ ക്ഷണപ്രകാരമാണ് മോദി കുവൈറ്റ് സന്ദർശിക്കുന്നത്. പ്രധാനമന്ത്രിയുടെ സന്ദർശനത്തിൽ കുവൈറ്റ് ഭരണ നേതൃത്വവുമായി അദ്ദേഹം ചർച്ച നടത്തുമെന്നും ഇന്ത്യൻ സമൂഹവുമായി ആശയവിനിമയം നടത്തുമെന്നും വിദേശകാര്യ മന്ത്രാലയം ബുധനാഴ്ച അറിയിച്ചു.
അന്തരിച്ച മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ് അവസാനമായി കുവൈറ്റ് സന്ദർശിക്കുന്ന ഇന്ത്യൻ പ്രധാനമന്ത്രി. 1981-ൽ ആയിരിന്നു അത്. 2009-ൽ അന്നത്തെ ഉപരാഷ്ട്രപതി ഹമീദ് അൻസാരിയും കുവൈറ്റ് സന്ദർശിച്ചിരിന്നു . 2013-ൽ കുവൈറ്റ് പ്രധാനമന്ത്രി ഇന്ത്യയിലെത്തിയതായിരുന്നു ഇരുവശത്തുനിന്നും അവസാനമായി ഉയർന്ന തലത്തിലുള്ള സന്ദർശനം.
കുവൈറ്റിൻ്റെ ഏറ്റവും മികച്ച വ്യാപാര പങ്കാളികളിൽ ഒന്നാണ് ഇന്ത്യ, 2023-24 കാലയളവിൽ 10.47 ബില്യൺ ഡോളറിൻ്റെ ഉഭയകക്ഷി വ്യാപാരം ഇരു രാജ്യങ്ങളും തമ്മിൽ നടന്നിരുന്നു. ഇന്ത്യൻ കയറ്റുമതി 2022-23 ൽ 1.56 ബില്യൺ ഡോളറിൽ നിന്ന് 2023-24 ൽ 2.1 ബില്യൺ ഡോളറായി വർദ്ധിച്ചു, പ്രതിവർഷം 34.7% വളർച്ച.
കുവൈറ്റ് ഇന്ത്യയുടെ ആറാമത്തെ വലിയ ക്രൂഡ് വിതരണക്കാരാണ്, രാജ്യത്തിൻ്റെ ഊർജ ആവശ്യത്തിൻ്റെ 3% നിറവേറ്റുന്നു, അതേസമയം ഇന്ത്യയിലെ കുവൈറ്റ് ഇൻവെസ്റ്റ്‌മെൻ്റ് അതോറിറ്റിയുടെ ഇന്ത്യയിലെ നിക്ഷേപം 10 ബില്യൺ ഡോളറിലധികം കവിഞ്ഞു.
Discussion about this post