ഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ പൊതുബജറ്റ് ഇന്ന്. സാമ്പത്തിക മാന്ദ്യം പിടിമുറുക്കുന്ന സാഹചര്യത്തില്‍ വലിയ ജനപ്രിയ പ്രഖ്യാപനങ്ങള്‍ ഉണ്ടായേക്കില്ല. ആദായനികുതി ഇളവിനുള്ള വരുമാന പരിധിയിലും മാറ്റമുണ്ടാവില്ലെന്നാണ് സൂചന. സാമ്പത്തിക പരിഷ്കരണം വേഗത്തിലാക്കാനും വിദേശനിക്ഷേപം ആകര്‍ഷിക്കാനുമുള്ള നിര്ദേശങ്ങള്ക്കാവും ബജറ്റില്‍ ഊന്നല്‍.
എണ്ണവിലയും നാണ്യപ്പെരുപ്പവും കുറഞ്ഞതും ഉയര്‍ന്ന വളര്‍ച്ച നിരക്കും ആശ്വാസം പകരുന്നുണ്ടെങ്കിലും വിവിധ പദ്ധതികള്‍ക്ക് വന്‍തോതില്‍ പണം കണ്ടെത്തേണ്ടതിനാല്‍ കടുത്ത നടപടികള്‍ ബജറ്റിലുണ്ടാകുമെന്നാണ് സൂചന. മേക്ക് ഇന്‍ ഇന്ത്യ, ഡിജിറ്റല്‍ ഇന്ത്യ തുടങ്ങിയ പദ്ധതികളുടെ ഭാഗമായി കൂടുതല്‍ വിദേശനിക്ഷേപം ആകര്‍ഷിക്കാനും നടപടികളുണ്ടാകും. വ്യവസായ അനുകൂല അന്തരീക്ഷം സൃഷ്ടിക്കാന്‍ കോര്‍പ്പറേറ്റ് നികുതി കുറയ്ക്കാനും കയറ്റുമതിക്ക് ഇളവുകള്‍ പ്രഖ്യാപിക്കാനും സാധ്യതയുണ്ട്. സാധാരണക്കാരെ തൃപ്തിപ്പെടുത്താന്‍ സാമൂഹ്യക്ഷേമ പദ്ധതികള്‍ക്ക് കൂടുതല്‍ തുക ബജറ്റില്‍ അനുവദിച്ചേക്കും.
ഏഴാം ശമ്പളക്കമ്മിഷന്‍ ശുപാര്‍ശ പ്രകാരം കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളപരിഷ്കരണം നടപ്പാക്കാന്‍ ഒരുലക്ഷം കോടിയിലേറെ രൂപ അധികമായി കണ്ടെത്തണം. ഇതിനായി പരോക്ഷ നികുതികള്‍ വര്‍ധിപ്പിക്കാനും പുതിയ നികുതികള്‍ ഏര്‍പ്പെടുത്താനും സാധ്യതയുണ്ട്. സ്വച്ഛ് ഭാരത് സെസ് മാതൃകയില്‍ സ്റ്റാര്‍ട്ട് അപ് ഇന്ത്യ ഉള്‍പ്പെടെയുള്ള പദ്ധതികള്‍ക്കായി പുതിയ സെസ് ഏര്‍പ്പെടുത്തിയേക്കും.
കഴിഞ്ഞ ബജറ്റില്‍ 14.5 ശതമാനമായി ഉയര്‍ത്തിയ സേവന നികുതി ഇത്തവണ18 ശതമാനമായി ഉയര്‍ത്തുമെന്നാണ് സൂചന. ആദായനികുതിയിളവിനുള്ള വരുമാനപരിധി ഉയര്‍ത്തണമെന്ന ആവശ്യം ശക്തമാണെങ്കിലും നിലവിലെ സ്്ലാബുകളില് മാറ്റമുണ്ടാവില്ല.
എന്നാല്‍ ഭവനവായ്പാ തിരിച്ചടവിനുള്ള നികുതി ഇളവ് വര്‍ധിപ്പിച്ചേക്കും. കടുത്ത വരള്‍ച്ചയെ തുടര്‍ന്ന് പ്രതിസന്ധിയിലായ കാര്‍ഷിക മേഖലയ്ക്ക് ഉണര്‍വു നല്കാന് നടപടികള്‍ ഉണ്ടാകും. എയിംസ്, ലൈറ്റ് മെട്രോ, എയര്‍ കേരള പദ്ധതികള്‍ക്ക് ബജറ്റില്‍ ഇടം കണ്ടെത്താനാകുമെന്നാണ് കേരളത്തിന്റെ പ്രതീക്ഷ.
Discussion about this post